ബിനാമി പരിശോധന ഇന്നും ശക്തം. പഴം പച്ചക്കറി മാർക്കറ്റുകളിൽ പരിശോധന ആരംഭിച്ചു

റിയാദ്: സൌദിയിൽ നടന്ന് വരുന്ന പരിശോധന ഇന്ന് പഴം പച്ചക്കറി വിൽപ്പന മേഖലകളിലേക്കും വ്യാപിപ്പിച്ചു. ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനായി അനുവദിച്ചിരുന്ന പൊതുമാപ്പ് അവസാനിച്ചതിനെ തുടർന്നാണ് രാജ്യത്തുടനീളം ശക്തമായ പരിശോധന ആരംഭിച്ചത്. നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയിട്ടുണ്ട്. കൂടാതെ തൊഴിൽ നിയമ ലംഘനത്തിന് നിരവധി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പിഴ ചുമത്തുകയും ചെയ്തു.

ഇന്ന് മുതൽ പഴം, പച്ചക്കറി വിൽപ്പന മേഖലയിലും പരിശോധന ആരംഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിന്നും ബിനാമി സ്ഥാപനങ്ങൾ തുടച്ച് നീക്കുകയും, തൊഴിൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം. പഴം പച്ചക്കറി മാർക്കറ്റുകളിൽ പരിശോധന നടത്തുന്നതിൻ്റെ വീഡിയോ മന്ത്രാലയം പുറത്ത് വിട്ടു.

ബിനാമി ബിസിനസ്സുകൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വ്യാപക പരിശോധനയാണ് സൌദിയിലുടനീളം നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും. ടെക്സ്റ്റൈൽസ്, ഫർണിച്ചറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്പെയർ പാർട്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകളിലാണ് പ്രധാനമായും കുറ്റകൃത്യം കണ്ടെത്തിയത്. ബിനാമി സ്ഥാപനങ്ങളില്‍ 40 ശതമാനവും സൌദി വനിതകളുടെ പേരിലാണെന്ന് ഇത് വരെയുള്ള പരിശോധനയിൽ  മനസ്സിലായെന്നും അധികൃതർ വ്യക്തമാക്കി.

ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ നടത്തുന്ന പരിശോധനയുടെ വീഡിയോ കാണാം

 

Share
error: Content is protected !!