ഇസ്ലാമിനെ പരിഹസിക്കുന്ന ‘ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തമ വിശ്വാസിയല്ല’ – എസ് വൈ എസ്

2021ൽ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുമുടിക്കെട്ടുമേന്തി ശബരിമല സന്ദര്‍ശനം നടത്തിയിരുന്നു.

കോഴിക്കോട്: ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തമ ഇസ്ലാംമത വിശ്വാസി അല്ലെന്ന് സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു. ഇതരമതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചതിനാൽ ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിന് പുറത്താണ്, എന്നാല്‍ അദ്ദേഹം അമുസ്ലീമാണെന്ന് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല ദര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

“കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം  ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിനെ തന്നെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. മുസ്ലീമായ ഒരാൾ മറ്റു മതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ അവര്‍ ഇസ്ലാമിന് പുറത്താണെന്നാണ് ഇസ്ലാമിക നിയമം. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ ജനങ്ങളെയും വിശ്വാസികളേയും തെറ്റിദ്ധരിപ്പിക്കുന്നു. ഹിജാബിനെ ചോദ്യം ചെയ്യുന്നു. ഇസ്ലാമിന് അകത്ത് നിന്നുകൊണ്ടല്ല, ഇസ്ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍”. -ഹമീദ് ഫൈസി പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ മുസ്ലീം സംഘടനകളും നേതാക്കളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് സുന്നി യുവജന സംഘന സെക്രട്ടറിയുടെ ആരോപണം. ഹിജാബ് വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരേ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും നേരത്തെ രംഗത്ത് വന്നിരുന്നു.

2021ലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുമുടിക്കെട്ടുമേന്തി ശബരിമല സന്ദര്‍ശനം നടത്തിയത്.

Share
error: Content is protected !!