കോവിഡ് വ്യാപനത്തിലെ കുറവ് വരും ദിവസങ്ങളിലും തുടരും – സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളും ഗുരുതര കേസുകളുടെയും എണ്ണം കുറയുന്നതായും, വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത പ്രതിവാര വാർത്താസമ്മേളനത്തിലാണ് ഡോ. മുഹമ്മദ് അബ്ദുൽ ആൽ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് കേസുകൾ കുറയാൻ പ്രധാന കാരണം വാക്സിനേഷൻ പദ്ധതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകളുടെ കാലപരിധി നിർണ്ണയിക്കുന്ന പഠനങ്ങളൊന്നും ഇത് വരെ നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിനകത്തും ആഗോളടിസ്ഥാനത്തിലും നടന്ന് വരുന്ന വിദഗ്ധരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ബൂസ്റ്റർ ഡോസുകളുടെ വിതരണം. കോവിഡ് ബാധിച്ച് അത്യാസന്നനിലയിലെത്തുന്നതിൽ നിന്നും ബൂസ്റ്റർ ഡോസുകൾ മികച്ച സംരക്ഷണമാണ് നൽകുന്നതെന്നും ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു.