സൌദിയിൽ ഹെൽത്ത് ഇ-പാസ്പോർട്ട് പ്രാബല്യത്തിലായി; വിദേശികൾക്കും ഉപയോഗപ്രദം
അൽ ഖോബാർ: സൌദി അറേബ്യയിലേയും ബഹ്റൈനിലേയും വിദേശികൾക്കും സ്വദേശികൾക്കും ഏറെ ഉപകാരപ്രദമായ സംവിധാനമാണ് ഹെൽത്ത് ഇ-പാസ്പോർട്ട്. ഇരു രാജ്യങ്ങളിലേയും സ്വദേശികൾക്കും വിദേശികൾക്കും കിംങ് ഫഹദ് കോസ് വേയിലൂടെ സഞ്ചരിക്കുന്നതിനാണ് ഇത് ഉപകാരപ്പെടുക. യാത്രക്കാരുടെ ആരോഗ്യ സ്ഥിതി വിവരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൌദിയിലെ “തവക്കൽനാ” ആപ്പിലും, ബഹ്റൈനിലെ ‘ബി അവെയർ’ ആപ്പിലുമാണ് ഹെൽത്ത് ഇ-പാസ്പോർട്ട് ക്രമീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ പുതിയ സേവനം സഹായകരമാകും.
കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ സൌദിയിലെ തവക്കൽനാ ആപ്പിൽ ഹെൽത്ത് പാസ്പോർട്ട് സംവിധാനം സജ്ജീകരിച്ചിരുന്നു. തുടർന്ന് 2021 നവംബർ 18ന് സൗദിയും ബഹ്റൈനും തമ്മിൽ ഹെൽത്ത് പാസ്പോർട്ട് പ്രായോഗകികമാക്കുന്നതിന് തവക്കൽനയുടേയും ബി അവെയറിൻ്റേയും സാങ്കേതിക ലയനം സാധ്യമാക്കുന്നതിനുമുളള കരാറിൽ ഒപ്പുവെച്ചിരുന്നു.
നിലവിൽ സൌദി-ബഹ്റൈൻ യാത്രക്കാർക്കാണ് ഹെൽത്ത് പാസ്പോർട്ട് ഉപകാരപ്പെടുന്നതെങ്കിലും, ഭാവിയിൽ ലോകത്തുടനീളം ഔദ്യോഗിക യാത്ര രേഖയായി അംഗീകരിക്കാൻ കഴിയും വിധം ഇത് ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.