ദിലീപിൻ്റെ ഫോണുകളുടെ ഫോറൻസിക് ഫലമെത്തി; നിർണായ വിവരങ്ങൾ ലഭിച്ചു
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ലഭിച്ചു. ഫോണുകളിൽ നിന്ന് നിർണായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഫലം പരിശോധിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലായിരുന്നു ആറ് ഫോണുകൾ പരിശോധനയ്ക്കായി അയച്ചിരുന്നത്. പരിശോധന ഫലത്തിൻ്റെ ഒരോ കോപ്പി വീതം ക്രെംബ്രാഞ്ചിനും കോടതിക്കും ലഭിച്ചു. പരിശോധനയുടെ ഭാഗമായി നേരത്തെ ദിലീപും കൂട്ട് പ്രതികളും ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകിയിരുന്നു. ഈ ശബ്ദ സാമ്പിളുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഏഴ് ഫോണുകളിൽ ആറെണ്ണമായിരുന്നു ദിലീപ് അന്വേഷണ സംഘത്തിന് കൈമാറിയത്. ഫോണിൽ നിന്നും ഗുരുതരമായ റിപ്പോർട്ടുകൾ കണ്ടെത്തിയാൽ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചേക്കും.
അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹരജിയിൽ പറയുന്നു.. എന്നാൽ കേസ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കോടതി അറിയിച്ചത്. സർക്കാരിനോട് വിശദീകരണം തേടിയ കോടതി ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി.