ഉപ്പിലിട്ട ഭക്ഷ്യവസ്​തുക്കളുടെ വിൽപന നിരോധിച്ചു.

കോഴിക്കോട്​: ഉപ്പും വിനാഗിരിയും ചേർത്ത്​ തയാറാക്കുന്ന പഴം, പച്ചക്കറി കൊണ്ടുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്​ നിരോധിച്ചതായി കോഴിക്കോട് കോർപറേഷൻ സെക്രട്ടറി ഉത്തരവിറക്കി. കോർപറേഷൻ പരിധിയിൽ എവിടെയും ഇനി ഒരറിയിപ്പ്​ ഉണ്ടാകുന്നതു വരെ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല.

കോഴിക്കോട്​ വരക്കൽ ബീച്ചിൽ ഉപ്പിലിട്ട പൈനാപ്പിളും അതിൽ ചേർക്കാൻ വെച്ചിരുന്ന രാസലായനിയും കഴിച്ച്​ കഴിഞ്ഞ ദിവസം രണ്ട്​ വിദ്യാർഥികൾക്ക്​ പൊള​ലേറ്റ സംഭവത്തെ തുടർന്നാണ്​ കോർ​പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്​. ഇത്തരം വസ്​തുക്കൾ കഴിച്ച്​ ആരോഗ്യപ്രശ്നമുണ്ടായതായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്​ വീണ്ടും പരാതി ലഭിച്ചതായും സെക്രട്ടറി അറിയിച്ചു.

മദ്രസ പഠനയാത്രയുടെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ബീച്ചിലെത്തിയ 14 വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് പൊള്ളലേറ്റിരുന്നത്. ഇവരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പിലിട്ടത് വേഗം പാകമാകാൻ ഉപയോഗിക്കുന്ന അസെറ്റിക് ആസിഡ് മിനറൽ വാട്ടറിൻ്റെ കുപ്പിയിൽ കച്ചവടക്കാരൻ സൂക്ഷിച്ചിരുന്നു. ഉപ്പിലിട്ട പൈനാപ്പിൾ കഴിച്ച കുട്ടിക്ക് എരിവ് തോന്നിയതിനെ തുടർന്ന് മിനറൽ വാട്ടറാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് എടുത്ത് കുടിച്ചതാണ് പൊള്ളലേൽക്കാൻ കാരണമായത്.

വരക്കല്‍ ബീച്ച് ഭാഗത്തുള്ള തട്ടുകടകളില്‍ കന്നാസുകളില്‍ സൂക്ഷിച്ചത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ച സാമ്പിളുകളില്‍ മറ്റു രാസപദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ദ്രാവകം വിനാഗിരി ലായനി തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നിരോധിക്കപ്പെട്ട രാസപദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇതിലുമില്ല.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍:

തട്ടുകടകളില്‍ പഴങ്ങള്‍ ഉപ്പിലിടാൻ ഉപ്പു ലായനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള സിന്തറ്റിക് വിനഗര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

തട്ടുകടകളില്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളില്‍ നേരിട്ട് ചേര്‍ക്കുവാനോ പാടുള്ളതല്ല.

ഒരാഴ്ചക്കുള്ളില്‍ ബീച്ചിലെ മുഴുവന്‍ തട്ടുകടക്കാര്‍ക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കും.

ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതത് കച്ചവടക്കാരുടെ ഉത്തരവാദിത്തമാണ്.

കൃത്യമായ ലേബല്‍ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാനോ വില്‍ക്കുവാനോ പാടുള്ളൂ.

ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും ബില്ലുകള്‍ കൃത്യമായി പരിപാലിക്കേണ്ടതും പരിശോധന സമയത്തു ഹാജരാക്കേണ്ടതുമാണ്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറായ 18004251125ല്‍ പരാതികള്‍ അറിയിക്കേണ്ടതാണ്.

Share
error: Content is protected !!