വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയുന്നു. സൌദിയില്‍ നിന്നു കേരളത്തിലേക്ക് 400 റിയാല്‍. തിരിച്ച് 23,000 രൂപ

ജിദ്ദ: ഇന്ത്യ-സൌദി വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സൌദി എയര്‍ലൈന്‍സ്, നാസ് എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങി പല വിമാനക്കമ്പനികളും ഇപ്പോള്‍ സൌദി-കേരള സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ പലതും എയര്‍ ബബിള്‍ സര്‍വീസുകള്‍ ആണെങ്കിലും ചിലതൊക്കെ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ആണ്.

 

സര്‍വീസുകളുടെ എണ്ണം കൂടിയതോടെ ടിക്കറ്റ് നിരക്ക് നേരിയ തോതില്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി വിമാനത്താവലങ്ങളില്‍ നിന്നു സൌദിയിലേക്ക് 35,000 – 40,000 രൂപ വരെ ഒണ്‍വെ ടിക്കറ്റിന് നേരത്തെ ഈടാക്കിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും, സ്പൈസ് ജെറ്റിന്‍റെയും സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ ഈ നിരക്കുകള്‍ കുറഞ്ഞു. സ്പൈസ് ജെറ്റ് ഈടാക്കുന്നത് 23,000 രൂപയാണ്. ക്വാറന്‍റൈന്‍ പാക്കേജ് ഉള്‍പ്പെടെ ഒരു ലക്ഷത്തിനടുത്ത് രൂപ വരെ ഈടാക്കിയിരുന്നത് ഇപ്പോള്‍ 42,000 – 45,000 രൂപയായി കുറഞ്ഞു. സ്പൈസ് ജെറ്റ് ആണ് ഇപ്പോള്‍ കുറഞ്ഞ പാക്കേജ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

 

കേരളത്തില്‍ നിന്നു സൌദിയിലേക്ക് 23,000 രൂപ ഈടാക്കുമ്പോഴും സൌദിയില്‍ നിന്നു കേരളത്തിലേക്ക് ഈടാക്കുന്ന നിരക്ക് ഏതാണ്ട് 8000 രൂപ (400 റിയാല്‍) മുതലാണ്. ഏതാണ്ട് എല്ലാ വിമാനക്കമ്പനികളും സൌദിയില്‍ നിന്നു കേരളത്തിലേക്ക് ഈടാക്കുന്ന നിരക്ക് കുറവും തിരിച്ച് സൌദിയിലേക്ക് കൂടുതലുമാണ്. കേരളത്തില്‍ നിന്നും സൌദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ഡിമാന്‍ഡ് ഉയരുകയും ചെയ്തതാണ് ഇതിന് കാരണം.

 

എയര്‍ ബബിള്‍, ചാര്‍ട്ടേഡ് സര്‍വീസുകള്‍ അവസാനിച്ച് സാധാരണ വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്ക് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഇനിയും കുറയുകയും, സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സാധാരണ വിമാന സര്‍വീസുകള്‍ക്കു ഇന്ത്യ ഉടന്‍ തന്നെ വീണ്ടും അനുമതി നല്‍കുമെന്ന സൂചന കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

Share
error: Content is protected !!