മാസ്ക് ഇല്ലെങ്കില്‍ 2 ലക്ഷം റിയാല്‍ വരെ പിഴയോടൊപ്പം സൌദിയിലെ സ്ഥാപനങ്ങള്‍ 6 മാസം വരെ അടച്ചിടേണ്ടിവരും
റിയാദ്: സൌദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുന്നതോടൊപ്പം 6 മാസം വരെ സ്ഥാപനം അടപ്പിക്കുകയും ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തവക്കല്‍ന പരിശോധിക്കാതെ സ്ഥാപനങ്ങളില്‍ പ്രവേശനം നല്കുക, മാസ്ക് കൃത്യമായി ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്കുക, കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുക, അകലം പാലിക്കാതിരിക്കുക, പൊതുയിടങ്ങള്‍ അണുമുക്തമാക്കാതിരിക്കുക, ഷോപ്പിങ് ട്രോളികള്‍ അണുമുക്തമാക്കാതിരിക്കുക തുടങ്ങിയവയെല്ലാം പ്രോട്ടോകോള്‍ ലംഘനങ്ങളാണ്.
സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് പിഴ ചുമത്തുക. ആദ്യഘട്ടത്തില്‍ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍, 6 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇരുപതിനായിരം റിയാല്‍, 50 മുതല്‍ 249 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം റിയാല്‍, 249-നു മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ എന്നിങ്ങനെയാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 2 ലക്ഷം റിയാല്‍ വരെ ചുമത്തും. കൂടാതെ സ്ഥാപനം 6 മാസം വരെ അടച്ചിടേണ്ടി വരും. സ്ഥാപനത്തിന്റെ മാനേജര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷയും ലഭിക്കും.
റസ്റ്റോറന്‍റുകള്‍ക്കും കഫേകള്‍ക്കും ശിക്ഷയില്‍ ഇളവ് ഉണ്ട്. ആദ്യഘട്ടത്തില്‍ 24 മണിക്കൂറും രണ്ടാം ഘട്ടത്തില്‍ 48 മണിക്കൂറും മൂന്നാം ഘട്ടത്തില്‍ ഒരാഴ്ചയും നാലാം ഘട്ടത്തില്‍ 4 ആഴ്ചയും, അഞ്ചോ അതില്‍ കൂടുതലോ തവണ കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനം 5 ആഴ്ചയും അടച്ചിടും.