മുസ്ലിംഗൾക്കെതിരായ അതിക്രമം: ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഒഐസി യോട് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീംഗൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി യുടെ പ്രസ്താവനയെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഒ.ഐ.സി നടത്തുന്ന പ്രസ്താവനകളെ അംഗീകരിക്കാൻ കഴിയില്ലെന്നും തെറ്റായ പരാമർശങ്ങളാണ് ഒ.ഐ.സിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ നടക്കുന്ന പ്രശ്‌നങ്ങൾ ഭരണഘടനാ സ്ഥാപനങ്ങൾ പരിഹരിക്കും. ഒ.ഐ.സിയുടെ വർഗീയ അജണ്ട അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബഗ്​ച്ചി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ദുഷ്ടലാക്കോടെയുള്ള പ്രചാരണങ്ങള്‍ക്ക് ആക്കം കുട്ടാനുള്ള ചിലരുടെ കുത്സിത താല്‍പര്യങ്ങള്‍ ഒഐസിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതിലൂടെ ഒ.ഐ.സി സ്വയം പേരുദോഷമുണ്ടാക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.

കാമ്പസുകളിൽ ഹിജാബ് വിലക്കിയ നടപടി ഗുരുതരമാണെന്നും വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങൾ ഹിജാബ് വിഷയത്തിൽ ഇടപടേണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ അരിന്തം ബഗ്​ച്ചി അറിയിച്ചിരുന്നു. വിഷയത്തിൽ എതിരഭിപ്രായം പ്രകടിപ്പിച്ച അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കെതിരെയും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം എതിർപ്പ്​ അറിയിച്ചിരുന്നു.

57 അംഗ രാജ്യങ്ങളുള്ള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ അഥവാ ഒ.ഐ.സി.

Share
error: Content is protected !!