ഇന്ത്യയിലെ ഹിജാബ് നിരോധനത്തിനെതിരെ ബഹ്റൈൻ പാർലമെൻ്റിലും പ്രതിഷേധം
മനാമ: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മുസ്ലിംഗൾക്കെതിരെ നടന്ന് വരുന്ന അതിക്രമങ്ങൾക്കെതിരെ ബഹ്റൈൻ പാർലമെൻ്റിൽ പ്രമേയം. കർണ്ണാടകയിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് ഹിജാബ് വിലക്കിയതിനെതിരെ ഒരു പെണ്കുട്ടി നടത്തിയ പ്രതിഷേധത്തിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം അറബ് സമൂത്തിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം 57 അംഗ രാജ്യങ്ങളുള്ള മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഇന്ത്യയിലെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെ ഇന്ത്യയെ ആശങ്ക അറിയിച്ചിരുന്നു. കൂടാതെ അമേരിക്ക, പാക്കിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളും ഇന്ത്യക്കെതിരെ രംഗത്ത് വന്നു. ഇതിന് പിറകെയാണ് ബഹ്റൈൻ പാർലമെൻ്റിലും പ്രതിഷേധമുയർന്ന്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതികരിക്കാനാണ് സാധ്യത.
മറ്റു രാജ്യങ്ങളുമായി വളരെ ഉദാരമായ സൗഹൃദ ബന്ധമാണ് ബഹ്റൈനുള്ളത്. ഇന്ത്യയിലെ മുസ്ലിംകൾക്ക നേരെ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന വിവിധതരം പീഡനങ്ങളും അക്രമങ്ങളും ഒട്ടും ആശാസ്യമല്ല. ഭരണകൂടത്തിൻ്റെ മൗനസമ്മതത്തോടെ തീവ്ര വംശീയവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ലംഘനങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ലോകതലത്തിൽ ഉയർന്നുവരേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഇഷ്ടമുള്ള മതവും വേഷവും സ്വീകരിക്കാൻ അവകാശവും അനുവാദവും നൽകുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. കർണ്ണാടകയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലുംപെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകാത്തത് ആശങ്കാജനകമാണ്. മുസ്ലിംഗൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അവകാശ ധ്വംസനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതായി പാർലമെൻ്റ് അംഗങ്ങളായ അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നിവർ കഴിഞ്ഞദിവസം നടന്ന പാർലമെൻ്റ് സമ്മേളനത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.