ജിദ്ദയിൽ ചേരി പ്രദേശങ്ങൾ ഒഴിപ്പിച്ചതോടെ പതിനായിരത്തോളം അനധികൃത താമസക്കാർ അറസ്റ്റിലായി
കുറ്റകൃത്യങ്ങളിലേർപ്പടുന്നവർ താവളം മാറ്റുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരികയാണ്.
ജിദ്ദയിലെ ചേരികളിൽ മാത്രം അനധികൃത താമസക്കാരായ 10,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മക്ക അൽ മുഖറമ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി വെളിപ്പെടുത്തി.
താമസ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരോടെല്ലാം അവരുടെ പദവികൾ ശരിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദവികൾ ശരിയാക്കി നിയമാനുസൃതമാക്കുന്ന കാര്യത്തിൽ അധികൃതർക്ക് ഏറെ താൽപര്യമുണ്ടെന്നും സാലിഹ് അൽ ജാബ്രി പറഞ്ഞു.
ചേരികൾ നീക്കം ചെയ്ത് തുടങ്ങിയതോടെ ഗവർണറേറ്റിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 12% കുറഞ്ഞുവെന്നും ചേരിപ്രദേശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതോടെ കുറ്റകൃത്യ നിരക്ക് 20 ശതമാനമായി കുറയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചേരികൾ നീക്കം ചെയ്തതിന് ശേഷം കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന കേന്ദ്രങ്ങൾ കിഴക്കൻ ജിദ്ദയിലേക്ക് താവളം മാറ്റിയിരിക്കുകയാണ്. എന്നാൽ അവരെല്ലാവരും പൂർണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും അവർ എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്നതിനാൽ ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കരുതെന്നും അൽ ജാബ്രി പറഞ്ഞു.
ചേരികൾ നീക്കം ചെയ്താൽ വ്യക്തികൾക്കും പൊതുസമൂഹത്തിനും ഉള്ള ആപത്ത് നീങ്ങുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുൻ ചേരികളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ സ്ഥലങ്ങളിലെ സുരക്ഷാ സാഹചര്യമെന്നും ചൂണ്ടിക്കാട്ടി.