ജിദ്ദയിലെ ചേരികളിൽ നിന്ന് പിടിച്ചെടുത്തത് 100 കിലോയിലധികം സ്വർണ്ണവും 60 മില്യൺ റിയാലും. വലവീശി സുരക്ഷാ ഉദ്യോഗസ്ഥർ
ജിദ്ദ: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജിദ്ദയിലെ ചേരി പ്രദേശങ്ങൾ ഒഴിപ്പിച്ച് തുടങ്ങിയതോടെ നിരവധി അജ്ഞാതർ അറസ്റ്റിലായി. കൂടാതെ ചേരിപ്രദേശങ്ങളിൽ നിന്നായി 60 മില്യൺ റിയാലും 100 കിലോയിലധികം സ്വർണവും പിടിച്ചെടുത്തതായി മക്ക മേഖല പോലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി പറഞ്ഞു.
പിടിച്ചെടുത്ത തുകയും സ്വർണ്ണവും രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ഒരുക്കത്തിലായിരുന്നു. ചേരികളിൽ എല്ലാ രാജ്യക്കാരുടേയും മനുഷ്യകടത്ത് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. , കൂടാതെ എല്ലാ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും പ്രധാന പ്രഭവ കേന്ദ്രമായിരുന്നു ചേരികളെന്നും അൽ ജാബ്രി പറഞ്ഞു.
മയക്കുമരുന്ന് കച്ചവടക്കാരുടെ സുരക്ഷിത താവളമായി മാറുന്ന ചേരികൾ സമൂഹത്തിന് വലിയ വിപത്തായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, ചുരുങ്ങിയ സമയത്തിനുള്ളിൽ 218 കിലോഗ്രാം കഞ്ചാവ് ഇവിടെ നിന്നും പിടിച്ചെടുത്തു.
പോലീസിന് ഈ ചേരികളിൽ പ്രവേശിക്കാൻ കഴിയുന്നില്ല എന്ന ആരോപണം അൽ ജാബ്രി നിഷേധിച്ചു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ചേരികളിൽ സമ്പൂർണ സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തുന്നത് കുറവാണ്. അതിന് കാരണം പൊലീസ് വാഹനങ്ങളെ ഉൾകൊള്ളാൻ പോലും കഴിയാത്തവിധം ഇടുങ്ങിയ റോഡുകളാണ് ചേരികളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.