പ്രതിഷേധങ്ങൾ ഫലം കണ്ടു. കരിപ്പൂരിൽ റൺവേ നീളം കുറക്കില്ല
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറച്ച് റിസ അഥവാ റൺവേ എൻഡ് സേഫ്റ്റി ഏരിയ വർധിപ്പിക്കാനുള്ള നടപടി റദ്ദാക്കി. വിവിധ കോണുകളിൽ നിന്നുള്ള വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് കരിപ്പൂരിൽ ലഭിച്ചു.
സുരക്ഷ വർധിപ്പിക്കാനെന്ന പേരിലായിരുന്നു റിസയുടെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനായി നിലവിലെ റൺവേയുടെ നീളം 2860 മീറ്ററിൽ നിന്നും 2540 മീറ്റർ ആയി കുറക്കേണ്ടി വരും. ഇതിലൂടെ റൺവേയുടെ രണ്ടറ്റങ്ങളിലും റെസ 240 മീറ്ററായി വർധിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ, ഇത് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകുമോ എന്ന ആശങ്കക്കിടവരുത്തി. ഇതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളുയർന്നിരുന്നു.
2860 മീറ്ററാണ് കരിപ്പൂരിൽ റൺവേയുടെ നീളം. കൂടാതെ 90 മീറ്റർ നീളത്തിൽ റിസയും ഉണ്ട്. എന്നാൽ നേരത്തെ റിസ 240 മീറ്റർ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റൺവേയിൽനിന്ന് 150 മീറ്റർ റിസയായാണ് പരിഗണിച്ചത്. എന്നാൽ ഇത് പോരെന്നും റൺവേയുടെ രണ്ടറ്റത്തും 150 മീറ്റർ വീതം എടുത്ത് റിസ 240 മീറ്ററിൽ ചതുപ്പ് നിലമാക്കി മാറ്റണമെന്നുമുള്ള നിർദേശമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നൽകിയത്. മാത്രവുമല്ല റൺവേ നീളം കുറക്കുന്നതോടെ രണ്ട് ഭാഗത്തെയും ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (ഐ.എൽ.എസ്), ലൈറ്റിങ് സംവിധാനം, ടേണിങ് പാഡ് തുടങ്ങിയവയെല്ലാം മാറ്റിസ്ഥാപിക്കുകയും വേണം.
റൺവേയുടെ നീളം കുറഞ്ഞാൽ, നിലവിൽ സർവിസിന് തയാറായ വിമാന കമ്പനികൾപോലും സർവ്വീസ് നിർത്തിവെക്കാൻ സാധ്യതയുണ്ട്. റിസ വർധിപ്പിക്കാനാവശ്യമായ സ്ഥലം ലഭ്യമാണെന്നിരിക്കെ റൺവേ വെട്ടിക്കുറക്കുന്നത് എന്തിനാണെന്ന ചോദ്യവും ശക്തമായിരുന്നു.
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവ്വീസിന് അനുമതി നൽകാത്തതിന് പിന്നിലെ പ്രധാന കാരണം നിലവിലെ 2860 മീറ്റർ നീളമുള്ള റൺവേ പോരാ എന്നതാണ്. ഇതിനിടെ റൺവേ 300 മീറ്റർ കുറച്ച് 2560 മീറ്ററാക്കുന്നതിനുള്ള നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം ശക്തമായിരുന്നത്.