കെ-റെയിൽ സർവ്വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി:  സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കെ-റെയിൽ സർവ്വേ നടപടികൾ തുടരാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നൽകി. സിൽവർലൈൻ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് നല്‍കിയ സ്റ്റേയാണ് സർക്കാർ അപ്പീൽ നൽകിയതിനെ തുടർന്ന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഡി.പി.ആര്‍ തയ്യാറാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച് നിർദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. സില്‍വര്‍ ലൈനിന്റെ സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ച് തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതായി സർക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കും എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഡിപിആറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ ആവശ്യം ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡിപിആര്‍ സംബന്ധിച്ച് പ്രതിപക്ഷം അടക്കം കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇതും സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന കാര്യമാണ്.

തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന സർവേ നടപടികള്‍ക്കെതിരേ നാല് ഹര്‍ജികളിലായി പത്ത് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച്  താത്കാലികമായി തടഞ്ഞിരുന്നത്.

Share
error: Content is protected !!