പ്രവാസികൾക്ക് ആശ്വാസം. ഇന്ത്യയിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന വേണ്ട.

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ ലഘൂകരിച്ചു. 

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. വിദേശത്ത് നിന്നെത്തുന്നവർക്ക് നിർബന്ധമാക്കിയിരുന്ന 7 ദിവസത്തെ ക്വാറൻ്റൈൻ ഒഴിവാക്കുകയും, പകരം 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും മന്ത്രാലയം നിർദേശിച്ചു. റിസ്ക് രാജ്യങ്ങളുടെ പട്ടികയും പിൻവലിച്ചു. ഇനി മുതൽ റിസ്ക് രാജ്യങ്ങൾ എന്ന വിഭാഗം ഇല്ല. വിദേശ രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിൽ നിന്നോ വാക്സിനെടുത്തവരാണെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ യാത്രക്ക് മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനയും ആവശ്യമില്ല. നേരത്തെ 72 മണിക്കൂറിനുളളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലം ഉള്ളവർക്ക് മാത്രമായിരുന്നു ഇന്ത്യയിലേക്ക് വരാൻ അനുമതിയുണ്ടായിരുന്നത്. ഇന്ത്യയിലെത്തിയവർ ഏഴു ദിവ​സത്തെ ക്വാറൻീനിന്​ ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. പുതിയ മാർഗനിർദേശത്തിൽ അതും ഒഴിവാക്കിയിട്ടുണ്ട്​. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിര്‍ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പരസ്പരം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി കരാറുണ്ടാക്കിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ടിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാൻ അനുവാദമുള്ളത്. 82 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, കുവൈത്തും യു.എ.ഇയും ചൈനയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവർ യാത്ര ആരംഭിക്കുന്നതിൻ്റെ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടി വരും.

എന്നാൽ വിദേശത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരൻ്റെ വിശദാംശങ്ങൾ എയർ സുവിധപോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും.

Share
error: Content is protected !!