ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. എതിർപ്പ് ആവർത്തിച്ച് സിപിഐ

തിരുവനന്തപുരം:  ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി നിലവിൽ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. തുടർന്നാണ് ഓർഡിനൻസിൽ ഇന്ന് ഗവർണർ ഒപ്പുവെച്ചത്. രണ്ടാഴ്ച മുമ്പാണ് ഗവർണറുടെ അനുമതിക്കായി സംസ്ഥാന സർക്കാർ ഓർഡിനൻസ്  നൽകിയത്. ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ നിയമോപദേശമടക്കം തേടിയിരുന്നു.

ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ ഇതും സർക്കാരിനെ പ്രേരിപ്പിച്ചു.

ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ്.കർത്തായെ നിയമിക്കണമെന്നു നിർദേശിച്ചു രാജ്ഭവനിൽനിന്നെത്തിയ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതിനൊപ്പം ഇൗ നിയമനം മുഖ്യമന്ത്രിയും അംഗീകരിക്കാനാണു സാധ്യത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രമക്കേട് നടന്നുവെന്ന കേസില്‍ പരാതിക്കാര്‍ ലോകായുക്തയില്‍ ഇന്നു രേഖകള്‍ സമര്‍പിക്കുകയും ചെയ്യും.

അതെ സമയം ലോകായുക്ത ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നുവെന്ന് കാനം ആവർത്തിച്ചു. അടിയന്തര സാഹചര്യം സിപിഐക്ക് ബോധ്യപെട്ടില്ലെന്നും, അഭിപ്രായ വ്യത്യാസം തുറന്ന് പറയുമെന്നും കാനം വ്യക്തമാക്കി. ഗവർണർ ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടത് അദ്ദേഹത്തിന് ബോധ്യമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ എൽഡിഎഫിൽ ഭിന്നതയില്ലെന്ന് എ.വിജയരാഘവൻ പറഞ്ഞു. സിപിഐ അവരുടെ അഭിപ്രാമാണ് പറയുന്നത്. അഭിപ്രായവ്യത്യാസം ചർച്ചചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.

 

പുതിയ ഭേദഗതി

അഴിമതിക്കേസിൽ ലോകായുക്ത തീർപ്പു പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും. ഓർഡിനൻ‌സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സർക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.

വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും ഓർഡിനൻസിലുണ്ട്.

 

Share
error: Content is protected !!