ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് തിരിച്ചടി.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവധിച്ചു. അറസ്റ്റിന് സാധ്യതയുണ്ടെന്ന് കാണിച്ച് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്. അപേക്ഷ നൽകിയ മുഴുവൻ പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷനിൽ നിന്നും പ്രതിഭാഗത്ത് നിന്നും ദിവസങ്ങൾ നീണ്ട വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.
കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.
ദിലീപ് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണമെന്ന് ഉപാധിയുണ്ട്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നു പ്രതികള്‍ക്കു കോടതി കര്‍ശന നിര്‍ദേശം നല്കി.
കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് സംഘം ദിലീപിൻ്റെ ആലുവയിലുള്ള പത്മസരോവരം വീടിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ദിലീപ് വീട്ടിൽ ഇല്ലെന്ന് സൂചന ലഭിച്ചതോടെ ദിലീപ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ദിലീപിനായി അന്വോഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടി നൽകി കൊണ്ട് കോടതി ദിലീപിന് അനുകൂലമായി വിധി പറഞ്ഞത്. ഇതോടെ ദിലീപിനായി വലവിരിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘങ്ങൾ പിൻവാങ്ങി.