ആ സുവർണനാദം നിലച്ചു. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ ഓർമ്മയായി

മുംബൈ: പതിറ്റാണ്ടുകളായി ഇന്ത്യയിലെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയുടെ സ്വന്തം മഹാഗായിക ലത മങ്കേഷ്കർ വിട പറഞ്ഞു. 92 വയസ്സായിരുന്നു. മുംബെയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ട് വരികയായിരുന്നു. ഇതിനിടെ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ശനിയാഴ്ച വീണ്ടും വെൻ്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ സംഗീദാസ്വാദകരുടെ പ്രാർത്ഥനകൾ വിഫലമാക്കികൊണ്ടും ദുഃഖത്തിലാക്കികൊണ്ടും ആ സുവർണനാദം നിലച്ചു.

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടി.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളിൽ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28നാണ് ലത മങ്കേഷ്‌കർ ജനിച്ചത്. ആദ്യ പേര്​ ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛൻ ലത എന്ന് പുനർനാമകരണം ചെയ്തു, അച്ഛനിൽ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതൽ പിതാവി​ന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. അമാനത്ത് ഖാൻ, പണ്ഡിറ്റ് തുളസിദാസ് ശർമ, ഉസ്താദ് അമാൻ അലി ഖാൻ തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.

1942ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട്​ ഗായികയായി മാറി. ആദ്യമായി പാടിയ ‘കിതി ഹസാൽ’ എന്ന മറാത്തി ചിത്രത്തിലെ ‘നാച്ചുയാഗഡേ, കേലു സാരി’ എന്ന ആദ്യഗാനം സിനിമയിൽ നിന്ന് ഒഴിവാക്കി. 1943 ൽ ‘ഗജാഭാവു’ എന്ന സിനിമയിലെ ‘മാതാ ഏക് സപൂത്ത് കി ദുനിയ ബാദൽ ദേ തൂ..’ എന്ന ഗാനമാലപിച്ചാണ് ഹിന്ദി സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. ലതയെ ആദ്യകാലത്ത് പ്രോത്സാഹിപ്പിച്ചത് മറാത്തി സംഗീത സംവിധായകൻ വിനായകായിരുന്നു. 1945ൽ വിനായകി​ന്റെ കൂടെ ബോംബെയിൽ എത്തിയ അദ്ദേഹത്തിന്റെ മരണശേഷം ഗുലാം ഹൈദറെ മാർഗദർശിയായി സ്വീകരിച്ചു. ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.

Share
error: Content is protected !!