ദുബൈ എക്സ്പോയിലെ കേരള വീക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെ-റയിൽ കേരള വികസനത്തിന്റെ നാഴിക കല്ലാകുമെന്ന് മുഖ്യമന്ത്രി. 

ദുബൈ: ദുബൈ എക്സ്പോയിലെ പവലിയനിൽ “കേരള വീക്ക്” മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 4ന് വെള്ളിയാഴ്ചയായിരുന്നു ഈ ചരിത്ര മുഹൂർതത്തിന് തുടക്കമായത്. യു.എ.ഇയിലേയും കേരളത്തിലെയും മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു പരിപാടി. വിദേശ നിക്ഷേപകരെ കേരളത്തിലേക്കാർഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും നിക്ഷേപകർക്ക് ആവശ്യമായ സൗകര്യമൊരുക്കി കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം മുൻ നിറുത്തിയുള്ള സുസ്ഥിര വികസനമാണ് കേരളത്തിൻ്റെ ലക്ഷ്യം. കെ-റയിൽ, കെ-ഫോൺ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തും. കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദ സംസ്ഥാാനമാക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ പങ്കെടുക്കുന്ന ദുബൈ എക്‌സ്‌പോയിലെ പ്രദർശനങ്ങൾ കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായകരമാകും. ഇത് കേരളവും യു.എ.ഇ യും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.എ.യിലെ വ്യാപാര സമൂഹത്തെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബൈ എക്‌സ്‌പോയിലെ കേരളത്തിന്റെ പ്രദർശനം കേരളത്തെ കുറിച്ച് ലോകത്തിന് കൂടുതലായി അറിയാൻ അവസരമുണ്ടാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. യു.എ.ഇ സഹിഷ്ണുതാ സഹവർതിത്ത മന്ത്രി ശൈഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ, യു.എ.ഇ അന്താരാഷ്ട്ര വ്യപാര മന്ത്രി താനിബ് ബിൻ അഹമ്മദ് അൽ സയൂദി, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കേരള ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് അനീഷ്, നോർക്ക വൈസ് ചെയർമാനും അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാനുമായ എം.എ യൂസുഫ് അലി, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയരക്ടർ എം.ജി രാജമാണിക്യം, ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പൂരി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ശ്രദ്ദേയമായിരുന്നു.

ഫെബ്രുവരി 10 വരെ നടക്കുന്ന കേരളാ വീക്കിൽ വ്യത്യസ്ത പദ്ധതികൾ, നിക്ഷേപമാർഗങ്ങൾ, ടൂറിസം, ഐ.ടി, സ്റ്റാർട്ടപ്പ് തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽനിന്ന് കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയിൽ കേരള പവിലിയനിൽ അരങ്ങേറും.

Share
error: Content is protected !!