സൌദിയില്‍ ഇന്ന് മുതല്‍ പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

റിയാദ്: പൊതു ഇടങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം സൌദിയില്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. 18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാതെ വാണിജ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും, പൊതുപരിപാടികളിലുമൊന്നും പ്രവേശനം നല്‍കരുതെന്നാണ് ആഭ്യന്തര – ആരോഗ്യ മന്ത്രാലയങ്ങളുടെ നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

 

ഷോപ്പിങ് മാളുകള്‍, ഗ്രോസറി കടകള്‍, റസ്റ്റോറന്‍റുകള്‍, ഹോള്‍സെയില്‍-റീട്ടെയില്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ബസ്-ട്രെയിന്‍-ടാക്സി തുടങ്ങി പൊതുഗതാഗത സര്‍വീസുകള്‍, ഉംറ തീര്‍ഥാടനം, മക്ക-മദീന ഹറം പള്ളികളിലെ പ്രവേശനം, കായിക-വിനോദ പരിപാടികള്‍, സാംസ്കാരിക പരിപാടികള്‍, വിവാഹ ചടങ്ങളുകള്‍, പാര്‍ക്കുകള്‍, വിമാനത്താവളങ്ങള്, വിദ്യാലയങ്ങള്‍  തുടങ്ങി ഏതാണ്ട് എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാണ്.

 

തവക്കല്‍നാ ആപ്പ്ളിക്കേഷനിലെ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ ആണെങ്കില്‍ മാത്രമേ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഈ സ്ഥലങ്ങളിലെല്ലാം പ്രവേശനം അനുവദിക്കുകയുള്ളൂ. കോവിഡ് വാക്സിന്‍റെ രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസത്തിനിടയില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് അപ്രത്യക്ഷമാകുകയും പൊതുയിടങ്ങളിലെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യും. രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസം വരെ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കിലും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുകയും പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കുകയും ചെയ്യും. 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കും, വാക്സിന്‍ എടുക്കുന്നതില്‍ ആരോഗ്യ വകുപ്പ് ഇളവ് നല്‍കിയവരെയും പുതിയ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

5 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് സൌദിയില്‍ ഇപ്പോള്‍ വാക്സിന്‍ നല്കുന്നുണ്ട്. 16 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്കുന്നുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് 3 മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസിനുള്ള ആപ്പോയിന്‍മെന്‍റ് ലഭിക്കും. 80 ലക്ഷത്തിലേറെ പേര്‍ സൌദിയില്‍ ഇതിനകം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. അഞ്ഞൂറിലേറെ കേന്ദ്രങ്ങള്‍ വഴി സ്വദേശി-വിദേശി വ്യത്യാസമില്ലാതെ സൌജന്യമായാണ് രാജ്യത്തു വാക്സിന്‍ വിതരണം ചെയ്യുന്നത്.

Share
error: Content is protected !!