സൗദിയിൽ പ്രവാസികളുൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ നടപ്പിലാക്കി
ജിദ്ദ: മൂന്ന് വ്യത്യസ്ഥ കൊലപാതക കേസുകളിൽ സൗദി അറേബ്യയിൽ ഇന്ന് മൂന്ന് പേരുെട വധശിക്ഷ നടപ്പിലാക്കിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ഈജിപ്ഷ്യൻ പൗരനെയും ഒരു ഫലസ്തീനി പൗരനേയും ജിദ്ദയിൽ വെച്ചും, ഒരു സൗദി പൗരന് അൽ ഖർജിൽ വെച്ചുമാണ് വധശിക്ഷ നടപ്പിലാക്കിയത്.
ജിദ്ദ ഗവർണറേറ്റിലെ മക്ക മേഖലയിൽ ഫലസ്തീനിയായ ഹൈതം സുബുഹ് മുഹമ്മദ് അൽ-ഹാസി എന്നയാൾ സ്വദേശിയായ ഇദാൻ ബിൻ മുഹമ്മദ് ബിൻ ഹസൻ അൽ-സഹ്‌റാനിയെ ഇരുമ്പ് ചങ്ങലയിൽ കെട്ടിയിട്ട ശേഷം മുഷ്ടികൊണ്ട് മുഖത്ത് അടിച്ച് കാറിന്റെ ജാക്കി ലിവർ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയായ ഫലസ്തീനി പൌരൻ കൃത്യം ചെയ്തായി പൊലീസ് തെളിയിച്ചെങ്കിലും, പ്രതിയുടെ അനന്തരാവകാശികളിൽ പ്രായപൂർത്തിയാകാത്തവരുണ്ടായിരുന്നതിനാൽ ശിക്ഷ നടപ്പിലാക്കുന്നത് ഇത് വരെ നീട്ടി വെച്ചതായിരുന്നു. എന്നാൽ ഇപ്പോൾ അനന്തരാവകാശികളെല്ലാം പ്രായപൂർത്തിയായതോടെ വധ ശിക്ഷക്ക് സമ്മതം നൽകി. ഇതോടെയാണ് ഇന്ന് ജിദ്ദയിൽ വെച്ച് വധശിക്ഷ നടപ്പിലാക്കിയത്.
മറ്റൊരു കേസിൽ ഈജിപ്ഷ്യൻ പൗരനായ ഇബ്രാഹിം സയ്യിദ് ഇബ്രാഹിം മൻസൂറിനെയാണ് ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. സൗദി പൌരനായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് അലി ഖാനെ മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
റിയാദ് മേഖലയിലെ അൽ-ഖർജ് ഗവർണറേറ്റിൽ സൗദി പൌരനെയാണ് ഇന്ന് വധശിക്ഷക്ക് വിധേയനക്കായിത്. സ്വദേശിയായ മിസ്ഫിർ ബിൻ സഅദ് ബിൻ മുബാറക് അൽ ദോസരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സൗദി പൗരനായ ഷബീബ് ബിൻ തഹ്‌നൂൻ ബിൻ ഷബീബ് അൽ-മുർസലിനെയാണ് ഈ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ശിക്ഷ നടപ്പിലാക്കിയ മൂന്ന് കേസുകളിലും കുറ്റം തെളിയിക്കപ്പെട്ടതോടെ കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രാഥമിക കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ ശരിഅത്ത് വിധി പ്രകാരം ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ലഭിച്ചു. ഇതിനെ തുടർന്നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.