കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ തടിയന്‍റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു.

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ പ്രതികളായ തടിയന്‍റവിട നസീറിനെയും ഷിഫാസിനെയും ഇന്ന് ഹൈകോടതി വെറുതെ വിട്ടു. വിചാരണ കോടതി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. ഇതിനെതിരെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷിഫാസ് എന്നിവർ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.

മൂന്ന് ജീവപര്യന്തം തടവിനായിരുന്നു തടിയന്‍റവിട നസീറിനെ എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. ഷഫാസിന് ഇരട്ട ജീവപര്യന്തം തടവും വിധിച്ചിരുന്നു. ഈ ശിക്ഷയാണിപ്പോൾ ഹൈക്കോടതി തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കൂടാതെ  അബ്ദുൽ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി തന്നെ നേരത്തെ വിട്ടിരുന്നു. എന്നാൽ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ എൻ.ഐ.എ അപ്പീൽ നൽകിയിരുന്നുവെങ്കിലും വിചാരണ കോടതി വെറുതെ വിട്ട വിധി ഹൈകോടതി ശരിവെച്ചു.

കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒരാളെ എൻ.ഐ.എ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.

2006 മാര്‍ച്ച് 3ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിലും 15 മിനിട്ടുകൾക്കു ശേഷം മൊഫ്യൂസൽ സ്റ്റാൻഡിലും ആണ് സ്ഫോടനളുണ്ടായത്. സ്ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസ് 2009 ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

രാജ്യത്ത് എൻ.ഐ.എ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസും കേരളത്തിൽ എൻ.ഐ.എ ആദ്യമായി ഏറ്റെടുത്ത കേസുമാണിത്.

Share
error: Content is protected !!