കാബിനിൽ മർദത്തിൽ വ്യതിയാനം: വിമാനം തിരിച്ചിറക്കി, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുന്നതിനിടെ ബഹളം

നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ ഇന്നലെ രാവിലെ കുവൈത്തിലേക്ക് കൊണ്ടു പോയി. ഞായറാഴ്ച വൈകിട്ട് 4.30ന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ തിരിച്ചിറക്കിയത്. 

ഏറെ ദൂരം പറന്ന ശേഷം കാബിനിൽ മർദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുപോകാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. സർവീസ് റദ്ദാക്കി യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പകരം വിമാനത്തിൽ    ഉടൻ യാത്ര ഒരുക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. 

പിന്നീട് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. പകരം വിമാനം എത്തിച്ച് ഇന്നലെ രാവിലെ ഈ യാത്രക്കാരെ കുവൈത്തിലേക്ക് വിട്ടു. തകരാറിലായിരുന്ന വിമാനത്തിന്റെ തകരാർ പരിഹരിച്ച ശേഷം ഈ വിമാനം വൈകിട്ട് ഷാർജയിലേക്ക് സർവീസ് നടത്തി.

Share
error: Content is protected !!