അമേരിക്കന്‍ പടക്കപ്പലിന് നേരെ പറന്നടുത്ത് ഇറാന്‍റെ ഡ്രോണ്‍; വെടിവച്ചിട്ടു
അറബിക്കടലില്‍ യുഎസ് വ്യോമവാഹിനിക്കപ്പലായ യുഎസ്എസ് എബ്രാഹം ലിങ്കണിന് നേര്‍ക്കുവന്ന ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിനെ ആക്രമണ സ്വഭാവത്തോടെ സമീപിച്ചതോടെയാണ് ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇന്നലെയായിരുന്നു സംഭവം. കപ്പലിലെ എഫ് – 35സി യുദ്ധവിമാനം ഉപയോഗിച്ചാണ് ഡ്രോണ്‍ വെടിവച്ചിട്ടത്. ഇറാന്‍ സൈന്യം വീണ്ടും ഡ്രോണുകള്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഡ്രോണിന്‍റെ വരവിന്‍റെ ഉദ്ദേശം മനസിലായില്ലെന്നും പരിധി ലംഘിച്ചതോടെ പിന്‍വാങ്ങാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും യുഎസ് പറയുന്നു.ഷഹീദ്–139 എന്നയിനം ഡ്രോണ്‍ ആണ് തങ്ങള്‍ F-35 C യുദ്ധവിമാനം ഉപയോഗിച്ച് വീഴ്ത്തിയതെന്നും ഇറാന്‍റെ തെക്കന്‍ തീരത്തിന് 800 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവ സമയത്ത് പടക്കപ്പല്‍ ഉണ്ടായിരുന്നതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഡ്രോണ്‍ വെടിവച്ച് വീഴ്ത്തുന്നതിനിടെ സൈനികര്‍ക്കോ മറ്റ് സാധന സാമഗ്രികള്‍ക്കോ പരുക്കോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു.
വിമാനവാഹിനിക്കപ്പലിന്റേയും അതിലെ ഉദ്യോഗസ്ഥരുടേയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധത്തിനായാണ് നടപടി സ്വീകരിച്ചതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു. വെള്ളിയാഴ്ച യുഎസുമായി നേരിട്ട് ഇറാന്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും നേരിട്ടുള്ള ഏറ്റുമുട്ടല്‍. അതേസമയം, ആണവചര്‍ച്ചയില്‍ അമേരിക്കയുടെ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വക്താവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെ പോകാന്‍ ശ്രമിച്ച യുഎസ് പതാകയുള്ള വ്യാപാരക്കപ്പലിനെ ഇറാന്‍ സൈന്യം അപമാനിച്ചെന്ന യുഎസ് ആരോപണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്‍ സൈന്യത്തിന്‍റെ ഡ്രോണ്‍. സ്റ്റെന ഇംപെറാറ്റീവ് എന്ന കപ്പലിന് നേരെയാണ് ഇറാന്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നാണ് ആരോപണം. അതിവേഗത്തില്‍ രണ്ട് ബോട്ടുകളും ഒരു ഡ്രോണും കപ്പലിന് നേരെ പാഞ്ഞെത്തിയെന്നും കപ്പല്‍ മുക്കിക്കളയുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് വ്യാപാരക്കപ്പലില്‍ ഉണ്ടായിരുന്നവരുടെ ആരോപണം.


