‘പ്രായോഗികമല്ല’; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് എൻഎസ്എസ് പിന്മാറി
പെരുന്ന (കോട്ടയം): എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടർ ബോർഡ് യോഗ തീരുമാനം പത്രക്കുറിപ്പായി പുറത്തെത്തിയിട്ടുണ്ട്.
പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് എൻഎസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഇപ്പോൾ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാർത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടുള്ളതിനാൽ എസ്എൻഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ, എസ്എൻഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
ദിവസങ്ങൾക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരൻ നായരും എൻഎസ്എസ്- എസ്എൻഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരൻ നായർ.
അതേസമയം, ഐക്യശ്രമത്തെ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും എതിർക്കുകയായിരുന്നു. എസ്എൻഡിപിയുമായി കൈകോർത്താൽ തെറ്റായ സന്ദേശമാകുമെന്ന് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. എക്യം സാധ്യമായാൽ സമദൂര നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും വിമർശനം ഉയർന്നു.
പത്രക്കുറിപ്പിന്റെ പൂർണരൂപം:
പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പിൽ എൻഎസ്എസ് വ്യക്തമാക്കുന്നത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ ഐക്യത്തിലാകാൻ തീരുമാനിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗം കഴിഞ്ഞദിവസം അംഗീകാരം നൽകുകയും ചെയ്തിരുന്നു. പെരുന്നയിൽ പോയി തുടർ ചർച്ചകൾ നടത്താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ദിവസങ്ങൾക്കിപ്പുറമാണ് ഐക്യത്തിൽനിന്ന് പിന്മാറുന്നതായി എൻഎസ്എസ് നിലപാട് കൈക്കൊള്ളുന്നത്.


