‘ഒരു പിതാവും ചെയ്യാത്ത ക്രൂരത’; ഒരു വയസുകാരനെ കൊലപ്പെടുത്തിയ ഷിജിലിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തി അമ്മ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ ഇഹാന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി കുഞ്ഞിൻ്റെ അമ്മ കൃഷ്ണപ്രിയ. കുഞ്ഞിനെ പിതാവായ ഷിജിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഒരു പിതാവും ചെയ്യാത്ത തരത്തിലുള്ള ക്രൂരതയാണ് ഇയാളിൽനിന്ന് ഉണ്ടായതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്ന ഷിജിൽ ‘നീ അവസാനം വരെ എന്റെ മുഖമേ കാണുള്ളൂ’ എന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. കുട്ടിയെ കൈകാര്യം ചെയ്യുമ്പോൾ തന്നെ അടുത്തുനിൽക്കാൻ അനുവദിക്കില്ലായിരുന്നുവെന്നും കുട്ടി ക്രൂരമായി മർദ്ദനമേറ്റ് ശബ്ദം പോലും പുറത്തുവരാത്ത വിധം തളരുമ്പോഴാണ് തന്റെ കൈവശം തന്നിരുന്നതെന്നും കൃഷ്ണപ്രിയ വെളിപ്പെടുത്തി.

കുഞ്ഞിൻ്റെ കൈകാലുകളെയും മുഖത്തെയും മറ്റ് അവയവങ്ങളെയും നിരന്തരം ഷിജിൽ കുറ്റപ്പെടുത്തിയിരുന്നു. കുട്ടിയെ അകാരണമായി ചീത്തവിളിക്കുമായിരുന്നുവെന്നും കൃഷ്ണപ്രിയ പറഞ്ഞു. നേരത്തെ കുട്ടിയുടെ വയറിന് അസ്വാഭാവികമായ വീർപ്പും വേദനയും കണ്ടപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും, അത് വയർ വലുതാകുന്നതാണെന്ന് പറഞ്ഞ് ഇയാൾ തടഞ്ഞിരുന്നു.

സംഭവം നടന്ന ദിവസം രാവിലെ ഇയാൾ കൊണ്ടുവന്ന ബിസ്ക്കറ്റും വെള്ളവും നൽകിയ ശേഷം കുഞ്ഞിനെ മുറിയിൽ കളിപ്പിക്കാൻ കൊണ്ടുപോവുകയും, തുടർന്ന് കുട്ടി കരയാൻ തുടങ്ങിയതായും കൃഷ്ണപ്രിയ പറയുന്നു. അടുക്കളയിൽ  പാത്രം കഴുകിക്കൊണ്ടിരുന്ന സമയത്ത് നിൽക്കുമ്പോൾ ഷിജിൽ കുഞ്ഞിനോട് ദേഷ്യപ്പെടുന്നത് കേട്ടിരുന്നു. പിന്നീട് ഇയാൾ കുഞ്ഞിൻ്റെ പേര് അലറി വിളിക്കുന്നത് കേട്ട് ഓടിയെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീണു കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ ചുണ്ടുകൾ വിളറി വെളുത്ത നിലയിലായിരുന്നുവെന്നും ഒരു തുള്ളി രക്തം പോലും മുഖത്തില്ലാത്തവിധം കുട്ടി മാറിയിരുന്നുവെന്നും അമ്മ പറയുന്നു. ഫിക്സ് വന്നതാണോ എന്ന് ഇയാൾ ചോദിച്ചുവെങ്കിലും കുഞ്ഞിൻ്റെ അവസ്ഥ കണ്ട് ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കൃഷ്ണപ്രിയ വെളിപ്പെടുത്തി.

ഷിജിൽ അപകടപ്പെടുത്തിയതായി കൃഷ്ണപ്രിയ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇഹാൻ മരിക്കുമ്പോൾ വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. ഷിജിൽ കുട്ടിയെ തള്ളിയിട്ടതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്ന് പരാതിയിലുണ്ട്. 

ജനുവരി 16- നാണ് ഒരുവയസുകാരൻ ഇഹാനെ പിതാവ് ഷിജിൽ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഷിജിലിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റു ചെയ്തതിരുന്നു. കുഞ്ഞിനോട് വെറുപ്പായിരുന്നുവെന്നാണ് ഷിജിലിന്റെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിച്ചെന്ന് ഷിജിൽ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്നു. ഇതേചൊല്ലി ഭാര്യ കൃഷ്ണപ്രിയയുമായി സ്ഥിരം വഴക്കിട്ടിരുന്നു. കുഞ്ഞ് കരയുന്നത് ഇഷ്ടമായിരുന്നില്ലെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

അച്ഛൻ കുട്ടിയെ മടിയിലിരുത്തിയശേഷം വലതുകൈമുട്ടുകൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഏൽപ്പിച്ച ക്ഷതമാണ് മരണകാരണമെന്ന പോലീസ് സർജന്റെയും അന്വേഷണസംഘത്തിന്റെയും കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്.

ഇഹാന്റെ വായിൽനിന്നു നുരയും പതയും വന്ന നിലയിലായിരുന്നു വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഷിജിലും ഭാര്യ കൃഷ്ണപ്രിയയും കുട്ടിയെ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുതന്നെ കുട്ടി മരിച്ചിരുന്നു.

ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിനെ തുടർന്നാണ് ഇഹാന്റെ വായിൽനിന്നു നുരയും പതയും വന്നതെന്നാണ് ഷിജിൽ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ, വിഷം അകത്ത് ചെന്നിട്ടില്ല മരണമെന്നും ദേഹപരിശോധനയിൽ അടിവയറ്റിനു ക്ഷതമേറ്റതായും ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഷിജിലിന്റെ മറുപടി. അടിവയറ്റിൽ ക്ഷതമേറ്റതാണ് മരണകാരണമെന്ന് ജനറൽ ആശുപത്രിയിലെ ഫൊറൻസിക് സർജനും വ്യക്തമാക്കിയിരുന്നു.

Share
error: Content is protected !!