16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധിച്ച് 200ലേറ സിഖുകാർ, കുട്ടികളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ വംശജരുടെ സംഘം?
ഹൗൺസ്‌ലോ (ലണ്ടൻ): പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്‌ലോയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കനത്ത പ്രതിഷേധവുമായി സിഖുകാർ. 200ൽ അധികം സിഖുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
30കളിലുള്ള യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാൾ ഉൾപ്പെടുന്ന പാക്കിസ്ഥാൻ വംശജരുടെ സംഘത്തിലെ ആറ് പേർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് വിവരം. പ്രതിഷേധത്തെ തുടർന്ന് പീഡനം നടത്തിയ പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങളും പ്രതിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെൺകുട്ടിക്ക് 16 വയസ്സായതോടെ കുട്ടിയെ വീട്ടിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ചതായി സിഖ് പ്രസ് അസോസിയേഷൻ അറിയിച്ചു. സിഖ് സമുദായ അംഗമാണ് പെൺകുട്ടി.
പ്രതി താമസിച്ചിരുന്ന പ്രദേശത്ത് 20 സെക്കൻഡറി സ്കൂളുകളുണ്ട്. ഇവിടെയുള്ള കുട്ടികളെ ഇയാൾ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് ആരോപണം. ഇത്തരം സംഘങ്ങൾ 11നും 16നും വയസ്സിനിടയിലുള്ള പെൺകുട്ടികളാണ് ലക്ഷ്യമിടുന്നത്. ദുർബലരായ പശ്ചാത്തലങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം മനുഷ്യക്കടത്തിന് വിധേയമാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


