500 തെരുവുനായ്ക്കളെ വിഷം നൽകി കൊന്നൊടുക്കി; നടപ്പാക്കിയത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാഗ്ദാനം?
ഹൈദരാബാദ്: തെലങ്കാനയിൽ വിവിധ ഗ്രാമങ്ങളിലായി 500 ഓളം തെരുവുനായ്ക്കളെ വിഷം ഉള്ളിൽചെന്നു ചത്തനിലയിൽ കണ്ടെത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി തെരുവ് നായ്ക്കളെ വിഷം നൽകി കൂട്ടക്കൊല ചെയ്തെന്നാണ് ആരോപണം.
കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നീ ഗ്രാമങ്ങളിലാണ് തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നൊടുക്കിയതെന്നു മൃഗസ്നേഹികൾ ആരോപിക്കുന്നു. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പൊലീസിൽ പരാതി നൽകി.
പഞ്ചായത്തിൽ പുതുതായി അധികാരമേറ്റ ഭരണസമിതിയുടെ നിർദേശപ്രകാരമാണ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്തതെന്ന് പരാതിയിൽ ഗൗതം ആരോപിക്കുന്നു. ആറുപേർക്കെതിരെയാണ് ഗൗതം പരാതി നൽകിയിട്ടുള്ളത്. പോസ്റ്റുമോർട്ടം നടപടികൾക്കായി കുഴിച്ചിട്ട തെരുവ് നായ്ക്കളുടെ ജഡം കണ്ടെടുത്തു. നായ്ക്കളെ കൊന്നൊടുക്കാൻ ഉപയോഗിച്ച വിഷത്തെകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തെരുവു നായ ശല്യം കുറയ്ക്കുമെന്ന് അടുത്തിടെ തെലങ്കാനയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നായ്ക്കളെ കൊന്നതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി ആദ്യ ആഴ്ചയും 300ഓളം നായ്ക്കളെ കൊന്നൊടുക്കിയതിനു 2 വനിതാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തിരുന്നു.


