ഇത്തിഹാദ് പാസഞ്ചർ സർവീസ്; മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാകും
ദുബായ്: യുഎഇയിലെ പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ട്രാക്കിലിറങ്ങുന്നു. വെറും ഒരു ട്രെയിൻ യാത്ര എന്നതിലുപരി സാധാരണക്കാരായ പ്രവാസികളുടെ ജീവിതചെലവ് കുറയ്ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കുന്ന വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
11 സ്റ്റേഷനുകളെ കോർത്തിണക്കിയുള്ള ഈ റെയിൽ ശൃംഖല മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തിന് എങ്ങനെയൊക്കെ ഗുണകരമാകുമെന്ന് പരിശോധിക്കാം.
യാഥാർഥ്യമാകുന്നതോടെ പ്രവാസികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം താമസച്ചെലവ് കുറയ്ക്കാം എന്നതാണ്. ദുബായിലോ അബുദാബിയിലോ ജോലി ചെയ്യുന്നവർക്ക് വാടക കുറഞ്ഞ ഉൾനാടൻ ഗ്രാമങ്ങളിലോ മറ്റു എമിറേറ്റുകളിലോ താമസിച്ച് ജോലിക്ക് വരാൻ സാധിക്കും.
ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി: ഇവിടെ സ്റ്റേഷൻ വരുന്നതോടെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു എമിറേറ്റുകളിൽ നിന്ന് ദിവസേനയുള്ള യാത്ര സുഗമമാകും. മുഹമ്മദ് ബിൻ സായിദ് സിറ്റി (അബുദാബി): മുസഫയിലെയും പരിസരത്തെയും ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്കും ബാച്ചിലർമാർക്കും ഈ സ്റ്റേഷൻ വലിയ അനുഗ്രഹമാകും.
∙ ട്രാഫിക് കുരുക്കില്ല, സമയം ലാഭം
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകൾ യാത്രാസമയത്തിൽ 40 ശതമാനം വരെ ലാഭമുണ്ടാക്കും. അബുദാബിയിൽ നിന്ന് ദുബായിലേക്ക് വെറും 57 മിനിറ്റിൽ എത്താം. കിലോമീറ്ററുകളോളം നീളുന്ന വാഹനക്കുരുക്കിൽ കുടുങ്ങാതെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താം എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് വെറും 105 മിനിറ്റ് മതിയാകും.
∙ യാത്രാ ചെലവ് കുറയും; ഒരു കാർഡിന് കീഴിൽ എല്ലാം
സ്വന്തമായി വാഹനമില്ലാത്ത പ്രവാസികൾക്ക് ടാക്സികളെയും ബസുകളെയും അമിതമായി ആശ്രയിക്കേണ്ടി വരില്ല. ദുബായിലെ മെട്രോയിൽ ഉപയോഗിക്കുന്ന ‘നോൽ’ കാർഡ് ഇത്തിഹാദ് റെയിലിലും ഉപയോഗിക്കാം എന്നത് വലിയ സവിശേഷതയാണ്. മെട്രോയിൽ നിന്നിറങ്ങി നേരെ ഇത്തിഹാദ് റെയിലിൽ കയറി മറ്റൊരു എമിറേറ്റിലേക്ക് പോകാൻ ഒരൊറ്റ കാർഡ് മതിയാകും. ഇത് യാത്ര ലളിതമാക്കുന്നതിനൊപ്പം കീശ ചോരാതെ നോക്കുകയും ചെയ്യും.
∙ വിനോദസഞ്ചാരം ഇനി പോക്കറ്റ് ഫ്രണ്ട്‌ലി
അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം യുഎഇ കറങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത്തിഹാദ് റെയിൽ പുതിയ വഴികൾ തുറക്കുന്നു.
ഫുജൈറയിലെ സകംകം: ചരിത്രപ്രസിദ്ധമായ കോട്ടകളും വടികളും കാണാൻ ഇനി മണിക്കൂറുകൾ ഡ്രൈവ് ചെയ്യേണ്ടതില്ല.
അൽ മിർഫ ബീച്ച്: അബുദാബിയിലെ ഈ മനോഹരമായ തീരം ഇനി പ്രവാസി കുടുംബങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമാകും.
ലിവാ മരുപ്പച്ച: മണൽക്കുന്നുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് മെസൈറ സ്റ്റേഷൻ വഴി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം.
∙ സുരക്ഷിതവും സൗകര്യപ്രദവും
ഷെയർ ടാക്സികളിലും മറ്റും ദീർഘദൂര യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ട്രെയിൻ യാത്ര കൂടുതൽ സുരക്ഷ നൽകുന്നു. ട്രെയിനിലെ വൈഫൈ സംവിധാനം വഴി യാത്രയ്ക്കിടയിലും ജോലി ചെയ്യാം. ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളതിനാൽ ഓരോരുത്തർക്കും ബജറ്റിന് അനുസരിച്ചുള്ള യാത്ര തിരഞ്ഞെടുക്കാം.
∙ പ്രവാസി വ്യാപാരികൾക്കും നേട്ടം
ചരക്ക് ഗതാഗതം ഇതിനോടകം തന്നെ സജീവമായതിനാൽ ചെറുകിട വ്യാപാരികൾക്ക് സാധനങ്ങൾ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ ചെലവ് കുറയും. ഇത് വിപണിയിലെ സാധനവില കുറയാനും പ്രവാസി ഉപയോക്താക്കൾക്ക് ഗുണകരമാകാനും കാരണമാകും. ചുരുക്കത്തിൽ, 2026-ഓടെ പാസഞ്ചർ സർവീസ് പൂർണതോതിൽ എത്തുന്നതോടെ യുഎഇയിലെ പ്രവാസികളുടെ ദൈനംദിന ജീവിതം കൂടുതൽ ആയാസരഹിതവും ലാഭകരവുമായി മാറുമെന്നാണ് പ്രതീക്ഷ.


