നാല് പൊന്നോമനകൾ വിടപറഞ്ഞത് അമ്മ അറിഞ്ഞത് ഖബറടക്കത്തിന് തൊട്ടു മുൻപ്

ദുബായ്: അബുദാബി-ദുബായ് റോഡിൽ ഗന്തൂത്തിലുണ്ടായ  വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി ഇസ്സ ആശുപത്രി വിട്ടു. പരുക്കുകൾ ഭേദമായ പെൺകുട്ടി ഇപ്പോൾ അബുദാബിയിലെ ബന്ധുവിന്റെ വീട്ടിൽ അവരുടെ പരിചരണത്തിലാണുള്ളത്. എന്നാൽ അപകടത്തിൽ ഗുരുതര  പരുക്കേറ്റ മാതാവ് റുക്സാന ഇപ്പോഴും അബുദാബി അൽ ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ചയും ഇവർക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.

മക്കൾ നാലും വിടപറഞ്ഞ വിവരം ഖബറടക്കത്തിന് മണിക്കൂറുകൾക്ക് മുൻപാണ് റുക്സാനയെ അറിയിച്ചത്. അവസാനമായി മക്കളെ ഒരുനോക്ക് കാണണമെന്ന അവരുടെ ആഗ്രഹം അധികൃതർ നിറവേറ്റിക്കൊടുത്തു. മൃതദേഹങ്ങൾ അബുദാബിയിലെ മോർച്ചറിയിൽ എംബാം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് അമ്മയെ കാണിക്കുകയായിരുന്നു. അതേസമയം, കുട്ടികളുടെ പിതാവ് അബ്ദുൽ ലത്തീഫ് നാലു മക്കളെയും എന്നെന്നേക്കുമായി യാത്രയാക്കാൻ വീൽചെയറിൽ കുട്ടികളെ അടക്കം ചെയ്ത മുഹൈസിന2ലെ അൽ ശുഹദ പള്ളിയിലെത്തിയിരുന്നു. മക്കളുടെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി  ആശുപത്രിയിൽ നിന്ന് അദ്ദേഹം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. 

മലപ്പുറം തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര സ്വദേശിനി റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ  അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ(48)യുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതര  പരുക്കേറ്റ അസാം പിറ്റേദിവസം ആശുപത്രിയിലാണ് മരിച്ചത്. സാരമായ പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മകൾ ഇസ്സയും  അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  

ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. യാത്രയ്ക്കിടയിൽ അബ്ദുൽ ലത്തീഫിന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ റുക്സാനയാണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകർന്നപ്പോൾ മൂന്ന് കുരുന്നുകളുടെയും ബുഷ്റയുടെയും ജീവൻ സംഭവസ്ഥലത്ത് തന്നെ പൊലിഞ്ഞു. ഫോർവീലർ വാഹനത്തിന്റെ റൂഫ് ടോപ്പ് തകർന്ന് കുട്ടികൾ പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് പറയുന്നു.

Share
error: Content is protected !!