പലതവണ സമയം നീട്ടിതായി അറിയിപ്പ്; 14 മണിക്കൂറോളം വൈകി കോഴിക്കോട് – ദുബായ് സ്പൈസ് ജെറ്റ് വിമാനം

കരിപ്പൂർ: സ്പൈസ് ജെറ്റിന്റെ കോഴിക്കോട് – ദുബായ് വിമാനം 14 മണിക്കൂറോളം വൈകി. കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.40ന് ആണു പുറപ്പെട്ടത്.

തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലേക്കു പുറപ്പെടാനിരിക്കെ വിമാനം വൈകുമെന്നു സന്ദേശം ലഭിച്ചെന്നും തുടർന്നു പലതവണ സമയം നീട്ടിയതായി അറിയിച്ചെന്നും യാത്രക്കാർ പറഞ്ഞു.

പലർക്കും വിമാനത്താവളത്തിലേക്കു പുറപ്പെട്ട ശേഷം വീട്ടിലേക്കു തിരിച്ചുപോകേണ്ട അവസ്ഥയുണ്ടായി. ഒടുവിൽ ഇന്നലെ രാവിലെ 10.30ന് പുറപ്പെടുമെന്ന് അറിയിച്ചതിനെത്തുടർന്ന് രാവിലെ ഏഴോടെ യാത്രക്കാർ വിമാനത്താവളത്തിലെത്തി.

ബോർഡിങ് പാസ് എടുത്ത് യാത്രയ്ക്കു കാത്തുനിൽക്കുമ്പോഴാണ് വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചത്. ഇതോടെ യാത്രക്കാർ ബഹളം വച്ചു. സാങ്കേതിക തകരാറാണു കാരണമായി പറഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു.

Share
error: Content is protected !!