മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്ത്; അന്ത്യയാത്രയും കുടുംബത്തോടൊപ്പമായി

പെരിന്തൽമണ്ണ: മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുത്ത ജലീലിന്റെ അന്ത്യവിശ്രമവും സൗദിയിലെ മണ്ണിലായി. മദീനയിൽ പ്രവാചകൻ അന്തിയുറങ്ങുന്ന റൗളാ ശരീഫ് കണ്ടുമടങ്ങവേ അപകടത്തിൽ മരിച്ച കുടുംബാംഗങ്ങളെ മദീനയുടെ മണ്ണിൽ തന്നെ മറവു ചെയ്യാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. 

ജലീൽ, ഭാര്യ തസ്ന, മകൻ ആദിൽ, ജലീലിന്റെ മാതാവ് മൈമൂനത്ത്
സ്വന്തമായി അലങ്കാര ലൈറ്റുകളുടെ ബിസിനസ് നടത്തിവരികയായിരുന്നു ജലീൽ. പിതാവ് എൻ.ഇസ്മായിലിന്റെ മരണശേഷം മാതാവ് മൈമൂന പലതവണ ജലീലിന്റെ കുടുംബത്തോടൊപ്പം  ജിദ്ദയിൽ എത്തി താമസിച്ചിരുന്നു. നവംബർ 17ന് ആണ് ഒടുവിൽ ഉംറ വീസയിൽ  ജിദ്ദയിൽ എത്തിയത്. കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതിന്റെ പ്രയാസങ്ങൾ ഏറെയുണ്ടെങ്കിലും 79-ാം വയസ്സിലും  ഉംറ തീർഥാടനത്തിനായി എത്തിയതായിരുന്നു അവർ. കുടുംബബന്ധത്തെ ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ജലീലിന്റെ അന്ത്യയാത്രയും കുടുംബത്തോടൊപ്പമായി.

മരണവാർത്തയറിഞ്ഞ് തിരൂർക്കാട് തോണിക്കരയിലെ വീട്ടിൽ ഏറെപ്പേരെത്തി. നാട്ടിലുള്ള മക്കൾ ജലീലിന്റെ സഹോദരി മുനീറ ഉൾപ്പെടെയുള്ള ഏതാനും ബന്ധുക്കളുടെ കൂടെ തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്കു കാണാൻ മദീനയിലേക്ക് പോയിരുന്നു. ഇവരുടെ ഭർത്താവ് കിഴിശ്ശേരി സ്വദേശി സിദ്ദീഖ് അപകടവിവരങ്ങൾ നൽകുന്നതിനിടെ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ വിതുമ്പി. തോണിക്കരയിലെ ജലീലിന്റെ വീടിനും നമസ്കാര പള്ളിക്കും ഒറ്റ മതിലാണ്.

ഇതേ ബന്ധം മതനിഷ്ഠയിലും കുടുംബബന്ധം കാത്തുസൂക്ഷിക്കുന്നതിലും ജലീൽ പുലർത്തിയിരുന്നതായി സിദ്ദീഖ് പറഞ്ഞു. അവസരം കിട്ടുന്ന വെള്ളിയാഴ്ചകളിലെല്ലാം മക്കയിലോ മദീനയിലോ ജുമുഅയിൽ പങ്കെടുക്കാൻ ജലീൽ ശ്രദ്ധിച്ചിരുന്നു. ഒടുവിൽ മദീനയിൽ പ്രാർഥിച്ചു മടങ്ങവേയാണ് ജലീലിന്റെ ജീവിതയാത്ര അവസാനിച്ചതും.

Share
error: Content is protected !!