‘പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരം, സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോ​ഗ്യ കാര്യങ്ങൾ’: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരമെന്നും സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോ​ഗ്യ കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പെരുന്നയിൽ വെച്ച് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ല. പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണമാണ്. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി വന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി സംബന്ധിച്ച് ആർക്കും അഭിപ്രായം പറയാം. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ലെന്ന് പറഞ്ഞ രാഹുൽ പാലക്കാട്ടുകാർ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നുവെന്നും ചൂണ്ടിക്കാട്ടി. പാലക്കാട് സജീവമാണ്.

മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. ഇതിൽ നിന്നും വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നായിരുന്നു പ്രതികരണം. രമേശ് ചെന്നിത്തലയുമായി പെരുന്നയിൽ ഇന്നലെ പലകുറി സംസാരിച്ചിരുന്നുവെന്നും ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ രാഹുൽ വാർത്ത ഏതുതരത്തിൽ നൽകണം എന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യമാണെന്നും അഭിപ്രായപ്പെട്ടു. ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സത്യം ജയിക്കും സത്യമേ ജയിക്കാവൂ എന്നാണ് രാഹുൽ മറുപടി നൽകിയത്. നല്ല ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Share
error: Content is protected !!