ഫോൺ ഓണായത് ഇന്ന്; അസിമിനെയും അജിത്തിനെയും തേടി വീട്ടിൽ പൊലീസെത്തി; കിട്ടിയത് ഡോക്ടറും ടെക്കിയും ഉൾപ്പെടെ 7 പേരെ
തിരുവനന്തപുരം: നഗരത്തിൽ ലഹരിമരുന്നു വിതരണത്തിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്ന അസിമിനെയും അജിത്തിനെയും കുടുക്കാനുറച്ച് ഇറങ്ങിയ പൊലീസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത് ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ 7 പേർ. എംഡിഎംഎ കടത്തു കേസിൽ 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട അസിമും അജിത്തും 5 വർഷം തടവ് അനുഭവിച്ച ശേഷം ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് വീണ്ടും ലഹരിക്കടത്തിന് ഇറങ്ങിയത്.
ഏതു വിധേനയും അസിമിനെ പിടികൂടാനായി ഡാൻസാഫ് സംഘം കഴിഞ്ഞ കുറേ നാളുകളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ വലമുറിച്ച് കടന്നുകളയുകയായിരുന്നു. മുൻപ് അസിം, കാട്ടാക്കട ഡാൻസാഫ് എസ്‌ഐയെ നെയ്യാർ ഡാം ഭാഗത്തെ ചെക്ക് പോസ്റ്റിൽ വച്ച് കാർ തട്ടിച്ച ശേഷം കടന്നുകളഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്നലെ നെടുമങ്ങാട് ഡാൻസാഫ് സംഘത്തിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് അസിമിനെ പിന്തുടർന്നെങ്കിലും പൊലീസ് ജീപ്പിൽ കാർ ഇടിപ്പിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് അസിമിന്റെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ഇന്നു പുലർച്ചെ കണിയാപുരം തോപ്പിൽ ഭാഗത്ത് ഓൺ ആയതായി പൊലീസ് കണ്ടെത്തി.
ഉടൻ തന്നെ ഡാൻസാഫ് സംഘം സ്ഥലത്തേക്കു കുതിച്ചെത്തുകയായിരുന്നു. തുടർന്നു ഈ ഭാഗത്തെ വീട് വളഞ്ഞു പരിശോധന നടത്തിയപ്പോഴാണ് കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂർ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെ കൂടി പിടികൂടാൻ കഴിഞ്ഞത്. നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം കഞ്ചാവും ഇവരിൽനിന്നു കണ്ടെടുത്തു. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളും പിടിച്ചെടുത്തു.


