ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

ഗസ്സ: വെടിനിര്‍ത്തല്‍ കരാര്‍ നടപ്പില്‍ വന്ന ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെ ഇസ്‌റാഈല്‍ അധിനിവേശ സേന 969 ലംഘനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ 418 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 1,141 പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു.

സിവിലിയന്മാര്‍ക്കെതിരെ നേരിട്ടുള്ള 298 വെടിവയ്പ്പുകളുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനവാസ മേഖലകളിലേക്ക് 54 സൈനിക കടന്നുകയറ്റങ്ങളും, ആളുകള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ 455 ബോംബാക്രമണങ്ങളും ഇസ്‌റാഈല്‍ സൈന്യം നടത്തിയതായി ഒരു പത്രക്കുറിപ്പില്‍ ഓഫിസ് പറയുന്നു.

വെടിനിര്‍ത്തല്‍ കാലയളവില്‍ വീടുകള്‍, സ്ഥാപനങ്ങള്‍, സിവിലിയന്‍ കെട്ടിടങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് 162 നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 45 നിയമവിരുദ്ധ അറസ്റ്റുകളും നടന്നിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സഹായങ്ങള്‍ ഫലസ്തീനികള്‍ക്ക് എത്തിക്കുന്നതും ഇസ്‌റാഈല്‍ തടയുകയാണ്. 80 ദിവസ കാലയളവില്‍ എത്തേണ്ടിയിരുന്ന 48,000 ട്രക്കുകളില്‍ 19,764 സഹായ ട്രക്കുകള്‍ മാത്രമാണ് ഗസ്സയില്‍ പ്രവേശിച്ചത്. 600 ട്രക്കുകള്‍ക്ക് പകരം പ്രതിദിനം ശരാശരി 253 ട്രക്കുകള്‍ക്ക് മാത്രമാണ് അനുവാദം ലഭിക്കുന്നത്. ആവശ്യമുള്ളതിന്റെ വെറും 42 ശതമാനം മാത്രമാണ് ഇത്.

ഇന്ധന വിതരണവും പരിമിതമാണ്. കരാറില്‍ നിശ്ചയിച്ചിട്ടുള്ള 4,000 ട്രക്കുകളില്‍ 425 ഇന്ധന ട്രക്കുകള്‍ മാത്രമാണ് ഗസ്സയില്‍ പ്രവേശിച്ചത്, പ്രതിദിനം ശരാശരി 50 ട്രക്കുകള്‍ വേണ്ടിടത്ത് അഞ്ച് ട്രക്കുകള്‍, അതായത് ഏകദേശം 10 ശതമാനം നിരക്കിലാണ് ഇസ്‌റാഈല്‍ അനുവദിക്കുന്നത്. ആശുപത്രികള്‍, ബേക്കറികള്‍, ജല സൗകര്യങ്ങള്‍, മലിനജല സ്റ്റേഷനുകള്‍ തുടങ്ങിയവയെ പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ് ഈ നിലപാടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share
error: Content is protected !!