വീടിനടിയിൽ 15 അടി താഴ്ചയുള്ള രഹസ്യ അറ; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ തലവൻ രക്ഷപ്പെട്ടു

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ലഹരിമരുന്ന് മാഫിയയുടെ താവളത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ, വീട്ടിലെ രഹസ്യ അറയിലൂടെ നാടകീയമായി രക്ഷപ്പെട്ട് തലവൻ. എഴുപതിലധികം കേസുകളിൽ പ്രതിയായ തസ്ലിം എന്നയാളാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

വീടിന് 15 അടി താഴ്ചയിലായിരുന്നു ലഹരിമരുന്ന് ശേഖരിച്ചു വെക്കാനായി ഇയാൾ രഹസ്യ അറ നിർമിച്ചിരുന്നത്. പരിശോധനയിൽ അറയ്ക്കുള്ളിൽ കല്യാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കസേരകളും കാർപ്പറ്റുകളും കണ്ടെത്തി. ലഹരിമരുന്ന് ഒളിപ്പിച്ചുവെക്കാൻ ഇവയാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വലിയ തോതിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിടുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് തസ്ലിമിന്റെ മകൻ ഷഹബാസിനെയും സഹായി സൽമാനെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് 500 ഗ്രാം ചരസ് പൊലീസ് കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് തസ്ലിമിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. ലഹരിക്കടത്തിനായി ഇയാൾ കുട്ടികളെയും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഗുണ്ടാ നിയമപ്രകാരം ഇയാളുടെ നിരവധി സ്വത്തുക്കൾ അധികൃതർ നേരത്തെ കണ്ടുകെട്ടിയിരുന്നു.

‍ഉത്തർപ്രദേശിൽ ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള നടപടികൾ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന മറ്റൊരു പരിശോധനയിൽ ഇൻവെർട്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 72.9 കിലോ കഞ്ചാവുമായി നാല് പേരെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് പിടികൂടിയിരുന്നു. ജയ്പൂർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഡിസംബർ ആറിന് നടന്ന മറ്റൊരു ഓപ്പറേഷനിൽ അന്തർസംസ്ഥാന ലഹരി സംഘത്തിലെ അഞ്ചുപേരെ 125 കിലോ കഞ്ചാവുമായി പൊലീസ് മീററ്റിൽ നിന്ന് പിടികൂടിയിരുന്നു.

Share
error: Content is protected !!