ധിക്കാരം പറഞ്ഞില്ല; ഓഫിസിനു വാടക നൽകുന്നുണ്ട്; ബുൾഡോസർ ഭരണത്തിനു ശ്രമിച്ചാൽ നേരിടും: വി.കെ.പ്രശാന്ത്
തിരുവനന്തപുരം കോർപറേഷനിൽ ഭരണമാരംഭിച്ചപ്പോൾത്തന്നെ സിപിഎമ്മുമായി ബിജെപി ഇടഞ്ഞത് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫിസ് ഒഴിയണമെന്ന ആവശ്യത്തിന്റെ പേരിലാണ്. ശാസ്തമംഗലം വാർഡിൽനിന്നും ബിജെപി സ്ഥാനാർഥിയായി ജയിച്ച ആർ.
ശ്രീലേഖയാണ് പ്രശാന്തിനോട് കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. പറ്റില്ലെന്നു പ്രശാന്ത് പ്രതികരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. ശ്രീലേഖയുടെ ആവശ്യത്തെയും തന്റെ മറുപടിയെയും പറ്റി വി.കെ. പ്രശാന്ത് മനോരമ ഓൺലൈനിനോടു വ്യക്തമാക്കുന്നു.
∙ എംഎൽഎ ഓഫിസ് വിവാദത്തിൽ ആർ.ശ്രീലേഖ പറഞ്ഞത്, എംഎൽഎയോട് ഓഫിസ് ഒഴിയുന്ന കാര്യം ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയായിരുന്നു എന്നാണ്. എന്താണു സംഭവിച്ചത്?
അവർ വിളിച്ചിരുന്നു. കൗൺസിലർ വിളിക്കുന്നു എന്നതുകൊണ്ട് വളരെ സന്തോഷപൂർവമാണ് സംസാരിച്ചു തുടങ്ങിയത്. ‘കൗൺസിലർ ഓഫിസിനു സ്ഥലപരിമിതിയുണ്ട്, അതുകൊണ്ട് എംഎൽഎ ഇരിക്കുന്ന ഭാഗം കൂടി എടുത്താലേ അത് പരിഹരിക്കാൻ പറ്റൂ’ എന്നു പറഞ്ഞപ്പോഴാണ് അത് എന്തായാലും നടക്കില്ലെന്നും, വാടകക്കരാർ ഉണ്ടെന്നും പറഞ്ഞത്. തുടർന്നും, ഒഴിയണമെന്നു കൗൺസിലർ പറഞ്ഞപ്പോഴാണ്, ഒഴിയാൻ പറ്റില്ല നിങ്ങൾ ഒഴിപ്പിക്കുകയാണെങ്കിൽ ഒഴിപ്പിച്ചോ എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചത്.


