ഒളിവിൽ പോകുംവഴി കാട്ടാനക്കൂട്ടം മുൻപിൽ; ഇരട്ടകളായ കൊലയാളികൾ പിടിയിൽ
നെടുങ്കണ്ടം: ഇടുക്കി പൊന്നാംകാണിക്ക് സമീപം ഭോജന്‍കമ്പനിയില്‍ പിതൃ സഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിലായി. വെള്ളി വൈകിട്ട് നാലരയോടെയാണ് തമിഴ്നാട് സ്വദേശിയായ മുരുകേശന്‍(55) കൊല്ലപ്പെട്ടത്. മുരുകേശന്റെ സഹോദര പുത്രന്‍മാരായ ഭുവനേശ്വര്‍, വിഗ്നേശ്വര്‍ എന്നിവര്‍ വീട്ടില്‍ എത്തുകയും മുരുകേശനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ഒരാള്‍ മുരുകേശനെ പിടിച്ചുനിര്‍ത്തുകയും മറ്റേ ആള്‍ കൃത്യം നടത്തിയെന്നുമാണ് പൊലീസ് പറയുന്നത്. ഇരട്ട സഹോദരന്‍മാര്‍ കൃത്യം നടത്തിയശേഷം ഇരയുടെ ഫോണില്‍നിന്നും വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ രണ്ട് വഴിക്ക് ഓടി രക്ഷപ്പെട്ടു. കാട്ടിലൂടെ തമിഴ്നാട് അതിർത്തിയിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനിടെ കാട്ടാനയെ കണ്ട് അടുത്തുള്ള പൊന്തക്കാടുകളിൽ ഒളിക്കാൻ ശ്രമിച്ചു. എന്നാൽ ചിന്നംവിളികേട്ട് ഭയന്ന് പിന്നോട്ടുപോകേണ്ടിവന്നു. ഇതിനിടയിൽ പൊലീസും നാട്ടുകാരും പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. രാത്രി വൈകി പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ കാട്ടിനുള്ളിൽനിന്നും പൊലീസ് പിടികൂടുകയുമായിരുന്നു.
പ്രതികളെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികള്‍ക്കെതിരെ തമിഴ്നാട്ടിലും വിവിധ കേസുകളുണ്ട്. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നത് മുരുകേശനാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. ഇതും സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


