ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ആൾക്കൂട്ട കൊലപാതകം.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അമൃത് മൊണ്ഡലിനെ കൊലപ്പെടുത്തിയത്. രാജ്ബാരി ഗ്രാമത്തിൽ തന്നെയാണ് അമൃതിന്റെയും വീട്. അതേസമയം, സാമ്രാട്ട് മേഖലയിലെ ക്രിമിനൽ ഗാങ്ങിന്റെ നേതാവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ‘സാമ്രാട്ട് ബാഹിനി’ എന്ന സംഘം പണം തട്ടൽ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായും ഇവർ പറയുന്നു. നേരത്തെ, ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന് പിന്നാലെ സാമ്രാട്ട് നാടുവിട്ടിരുന്നു. അടുത്തിടെയാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്.
അമൃതും ഗ്യാങ്ങിലെ അംഗങ്ങളും ഗ്രാമത്തിലെ ഷാഹിദുൽ ഇസ്ലാം എന്നയാളുടെ വീട്ടിലെത്തി പണം തട്ടാൻ ശ്രമിച്ചതായി പറയുന്നു. ഇതോടെ, നാട്ടുകാർ സംഘടിച്ച് ഇവരെ പിടികൂടി മർദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അമൃതിനെ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരിച്ചു. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. അമൃതിന്റെ സഹായിയായ മുഹമ്മദ് സലിം എന്നയാളെ രണ്ട് തോക്കുകളുമായി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട അമൃത് എന്ന് പൊലീസ് പറഞ്ഞു.


