ശബരി വിമാനത്താവളം സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി: വെട്ടിലായി സ്ഥലമുടമകൾ

എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കിയതോടെ ഫീൽഡ് സർവേ മുടങ്ങി. ചെറുവള്ളി എസ്റ്റേറ്റിനു പുറത്തുള്ള സ്വകാര്യ ഭൂമിയിലെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുക്കുന്ന ജോലികളാണു നടന്നത്. 

സർവേ പൂർത്തിയാക്കിയ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്ന ജോലിയും നടന്നിരുന്നു.  ഇനി കലക്ടറുടെ നിർദേശമനുസരിച്ചേ ഇക്കാര്യങ്ങളിൽ റവന്യൂ വകുപ്പ് തുടർനടപടി സ്വീകരിക്കൂ.  നിയമനടപടി നടക്കുന്നതിനാൽ ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ ഫീൽഡ് സർവേ ഉൾപ്പെടെ ജോലികൾക്ക് എസ്റ്റേറ്റ് അധികൃതർ അനുമതി നൽ‍കിയിരുന്നില്ല.

സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ വെട്ടിലായത് സ്ഥലമുടമകളാണ്. മണിമല, എരുമേലി തെക്ക് ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും എസ്റ്റേറ്റിനൊപ്പം ഏറ്റെടുക്കുന്നുണ്ട്. ഈ വസ്തുക്കളുടെ ഫീൽഡ് സർവേ ഇതിനോടകം 2 തവണ നടത്തി. സ്ഥലവും വീടും സർക്കാർ ഏറ്റെടുക്കുമെന്ന് ചിന്തിച്ച് പലരും ഇവിടെനിന്ന് മാറിത്താമസിക്കുന്നതിനു വേറെ സ്ഥലവും വീടും കണ്ടെത്തുകയും ചെയ്തു. പുതിയ വീടിനും സ്ഥലത്തിനും അഡ്വാൻസ് നൽകിയവരുമുണ്ട്. 

സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങിയതിനാൽ സ്ഥലമുടമകൾക്ക് സ്വന്തം വസ്തുക്കളിൽ നിർമാണ പ്രവർത്തനം നടത്താനുമാവില്ല.  ഈ സ്ഥലം വിൽക്കാനും ഈടു വച്ച് വായ്പയെടുക്കാനും കഴിയാത്ത സ്ഥിതിയാണ്. വിമാനത്താവളത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ കാർഗോ, വെയർഹൗസുകൾ, സ്റ്റോർ, ഹോട്ടലുകൾ, കാർ പാർക്കിങ് തുടങ്ങിയവ പൂർണമായും ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ തന്നെ ആയിരിക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു.

Share
error: Content is protected !!