മഴക്കെടുതി: വാഹന പരിരക്ഷ ശാമിൽ ഇൻഷുറൻസ് ഉള്ളവർക്ക് മാത്രം

ദുബായ്: കോംപ്രിഹെൻസീവ് (ശാമിൽ) ഇൻഷുറൻസ് ഉള്ള വാഹനങ്ങൾക്കു മാത്രമേ മഴ മൂലമുള്ള നാശനഷ്ടങ്ങളിൽ ഇൻഷുറൻസ് ലഭിക്കൂ. മഴമൂലം വെള്ളക്കെട്ടിൽ വാഹനം നഷ്ടപ്പെടുക, കേടുപാടു സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾക്കു പരിരക്ഷ ലഭിക്കണമെങ്കിൽ പോളിസിയിൽ ശാമിൽ എന്നു രേഖപ്പെടുത്തിയിരിക്കണം.

കഴിഞ്ഞ ഏപ്രിലിലും ഈ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലുമുണ്ടായ പ്രളയം ദേശീയ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചില്ല. അതിനാൽ, വാഹനങ്ങൾക്കു സംഭവിച്ച കേടുപാടുകൾക്ക് ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകണം.

വാഹനത്തിനു തകരാർ സംഭവിക്കുമ്പോൾ നിയമപരമായ പാർക്കിങ്ങിനായി വേർതിരിച്ച സ്ഥലങ്ങളിലോ തെരുവുകളിലോ ആയിരിക്കണം. താഴ്‌വരകൾ, വെള്ളപ്പൊക്ക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കില്ല. അപകടം സംഭവിക്കുമെന്നു മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ വച്ചു സംഭവിക്കുന്ന തകരാറുകൾക്കും ഇൻഷുറൻസ് ലഭിക്കില്ല. മഴയും മലവെള്ളപ്പാച്ചിലും, ആലിപ്പഴ വർഷവും കാണാനും വിഡിയോ ചിത്രീകരിക്കാൻ പോകുമ്പോഴും സംഭവിക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കില്ല.

എന്നാൽ, യഥാവിധം പാർക്ക് ചെയ്ത വാഹനങ്ങളുടെ കേടുപാടുകൾക്ക് ഇൻഷുറൻസിന് അർഹതയുണ്ട്. വാഹനങ്ങളുടെ ഇൻഷുറൻസിന്റെ തരം അനുസരിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കുന്നത്. ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പൊലീസ് റിപ്പോർട്ട് നിർബന്ധമാണ്.

തകരാറിന്റെ കാരണം മഴയാണെന്ന് ഉറപ്പിക്കാനാണു പൊലീസ് റിപ്പോർട്ട് നിർബന്ധമാക്കിയത്. സമയനഷ്ടം ഒഴിവാക്കാൻ ശാമിൽ (സമഗ്ര ഇൻഷുറൻസ്) ഉള്ള വാഹന ഉടമകൾ എത്രയും വേഗം വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി നൽകണം.

Share
error: Content is protected !!