വ്യാപക മഴ: വരും ദിവസങ്ങളിലും കാറ്റിനും മഴയ്ക്കും സാധ്യത, കടൽ പ്രക്ഷുബ്ധമാകും; ജാഗ്രതാ നിർദേശം
അബുദാബി: യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തു. ഫുജൈറയിലെ മുറബ്ബയിലാണ് ഏറ്റവും കൂടുതൽ മഴ (33.1 മി.മീ) രേഖപ്പെടുത്തിയത്. ഇന്നും നാളെയും ശക്തമായ കാറ്റോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ പെയ്തു.
ദുബായിൽ റാഷിദിയ ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. ഷാർജ, അജ്മാൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ആകാശം മേഘാവൃതമായിരുന്നുവെങ്കിലും മഴയുണ്ടായില്ല. യുഎഇയിൽ നാളെ വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ മഴ പെയ്തതോടെ യുഎഇയിൽ താപനില കുറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവതമായ റാസൽഖൈമയിലെ ജബൽ ജെയ്സിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മഴ കനക്കാൻ സാധ്യതയുള്ള ഫുജൈറ, ഖോർഫക്കാൻ പ്രദേശങ്ങളിൽ ഓറഞ്ച്, യെലൊ അലർട്ട് നൽകി.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വാദികളിലോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലോ പോകരുതെന്നും അധികൃതർ നിർദേശിച്ചു. മണിക്കൂറിൽ 50 കി.മീ വേഗത്തിലുള്ള കാറ്റ് നാളെ വരെ തുടരും. കടൽ തിരമാല 7 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനും വിനോദത്തിനുമായി കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിച്ചു.


