ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം; ആകെ 12391 വാര്‍ഡുകള്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ – 8090746, ട്രാന്‍സ്ജെന്‍ഡര്‍ – 161). 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.

ആകെ 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും 20020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28274-ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742-ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681-ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546-ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751-ഉം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

രണ്ടാംഘട്ടത്തില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട് 189, കണ്ണൂര്‍- 1025 , കാസര്‍ഗോഡ്- 119) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കണ്‍ട്രോള്‍ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.

Share
error: Content is protected !!