തിരഞ്ഞെടുപ്പ് പ്രചാരണം കണ്ടപ്പോൾ കൗതുകം, ഓട്ടോയിൽ നാടുകറങ്ങി സൗദി പൗരൻ
കോട്ടയ്ക്കൽ: സൗദി പൗരനായ മുഹമ്മദ് അലിക്ക് ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് പ്രചാരണം കണ്ടപ്പോൾ കൗതുകം. ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് കൂടുതൽ അറിയാനും കൗതുകം തീർക്കാനും ഓട്ടോറിക്ഷയുമായി നാടൊട്ടുക്കും കറക്കവും തുടങ്ങി.
മുഹമ്മദ് അലി (75) ചങ്കുവെട്ടിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതാണ്. ഇതിനിടെയാണ് കൊടുമ്പിരികൊണ്ട പ്രചാരണം ശ്രദ്ധയിൽപെട്ടത്. സ്ഥാനാർഥികളുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള മൈക്ക് അനൗൺസ്മെന്റുമെല്ലാം വല്ലാതെ ആകർഷിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല., ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ഉൾനാടുകളിലേക്കു ഇറങ്ങി.
യാത്രയ്ക്കിടെ മുഹമ്മദ് അലിയെ ഏറെ ആകർഷിച്ചത് ഇരിങ്ങല്ലൂർ തോണിക്കടവാണ്. കടലുണ്ടിപ്പുഴയോരത്തെ ഈ കാർഷിക ഭൂമികയിൽ ഏറെനേരം മുഹമ്മദ് ചെലവഴിച്ചു. 30 വർഷത്തോളം സൗദിയിൽ കർഷകനായിരുന്ന അമ്പലവൻ കാരാട്ട് മമ്മദു മുഹമ്മദിന് സഹായത്തിനെത്തി. പാതയോരത്ത് പതിച്ച പോസ്റ്ററുകളിൽ ചിരിതൂകി നിൽക്കുന്ന സ്ഥാനാർഥികളുടെ മുഖത്തായിരുന്നു മുഹമ്മദ് അലിയുടെ കണ്ണ്.
കടുത്ത ഇടതുപക്ഷ അനുഭാവിയാണെങ്കിലും മമ്മദു എല്ലാ സ്ഥാനാർഥികളെക്കുറിച്ചും അവർ പ്രതിനിധീകരിക്കുന്ന പാർട്ടികളെക്കുറിച്ചുമെല്ലാം വിശദീകരിച്ചു. സർക്കാർ സംവിധാനം, സേവനങ്ങൾ, തദ്ദേശ ഭരണകൂടങ്ങളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുത്തു.
മികച്ച കർഷകനായ മമ്മദു സ്വന്തമായി കൃഷി ചെയ്യുന്ന മരച്ചീനി, പച്ചക്കറി വിളകളും പരിചയപ്പെടുത്തി. പെരുങ്കടക്കാട്ട് അവറുട്ടി, ജാബിർ ഇരിങ്ങല്ലൂർ, ചുണ്ടയിൽ സുബൈർ, കളത്തിങ്ങൽ മൂസക്കുട്ടി തുടങ്ങിയവരും ചർച്ചയിൽ പങ്കാളികളായി.


