വിമാനത്താവളങ്ങളിൽ പ്രതിഷേധം, മുദ്രാവാക്യം വിളി, ജീവനക്കാരെ തടയുന്നു; യാത്രക്കാരെ വലച്ച് ഇൻഡിഗോ
ബെംഗളൂരു: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നതിനു പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തിൽ ഉത്തരവാദിത്തപ്പെട്ട ഇൻഡിഗോ ജീവനക്കാരെ കാണാനില്ലെന്ന് യാത്രക്കാരനായ നന്ദു മനോരമ ഓൺലൈനോട് പറഞ്ഞു.
‘‘രണ്ടും മൂന്നും വിമാനങ്ങൾക്ക് ഒരേ ഗേറ്റാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒരു വിമാനവും പുറപ്പെടുന്ന ലക്ഷണം കാണുന്നില്ല. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് ഞങ്ങൾക്കു യാതൊരു വിവരവുമില്ലെന്നാണ് ഇൻഡിഗോ ജീവനക്കാർ പറയുന്നത്. 8.05ന് ആയിരുന്നു തിരുവനന്തപുരത്തേക്കുള്ള എന്റെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. 7.20 ആയിരുന്നു ബോർഡിങ് സമയം. ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ചില ഗേറ്റുകളിൽ മുദ്രാവാക്യം വിളിയാണ്. ചില ഗേറ്റുകൾക്കു മുന്നിൽ വഴക്കാണ്. എല്ലാ ഗേറ്റുകളിലും പ്രശ്നങ്ങളാണ്’’ – നന്ദു പറഞ്ഞു.
അതേ സമയം, യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്‌സ് പോസ്റ്റില്‍ കുറിച്ചു.


