ഡ്രൈ ഡേയിൽ പഴുതടച്ച പരിശോധന; ചാക്കിലൊളിപ്പിച്ച മാഹി മദ്യം ഉൾപ്പെടെ 110 ലിറ്ററിലധികം മദ്യം പിടികൂടി
തിരുവനന്തപുരം: ഡ്രൈ ഡേയിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ 110 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു. കോഴിക്കോട് മൂടാടിയിൽ വീടിനുള്ളിൽ ചാക്കിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 44 ലിറ്റർ മാഹി മദ്യം കണ്ടെടുത്തു.
രൺദീപ് (38 വയസ്) എന്നയാളാണ് പിടിയിലായത്. കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്റ്റർ പ്രവീൺ ഐസക്കും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അബ്ദുൾ സമദ്, പ്രിവന്റീവ് ഓഫീസർ ശിവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ഷംസുദ്ദീൻ, ദീൻ ദയാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ അഖില എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


