ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവ്
മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന്‍ ഷഫീഖ്. വിധിയില്‍ പൂര്‍ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള്‍ പറഞ്ഞു.
വര്‍ഷങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് വിധി വന്നതെന്നും വെറുതെവിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ പോകുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മനാഫ് വധക്കേസില്‍ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്.
കൊലക്കുറ്റം തെളിഞ്ഞതായി കോടതി ഇന്നലെ വിധിച്ചിരുന്നു. മൂന്ന് പ്രതികളെ വെറുതെ വിട്ടിരുന്നു. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രധാനസാക്ഷി കൂറുമാറിയതോടെ കേസില്‍ പി വി അന്‍വര്‍ അടക്കം 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ദീര്‍ഘകാലം ഒളിവിലായിരുന്നു പ്രതികള്‍. മനാഫിന്റെ സഹോദരന്റെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.


