മകനെ ബെൽറ്റ് ഉപയോഗിച്ച് അടിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്തു; അധ്യാപികയായ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അലബാമ: മകനെ ബെൽറ്റ് ഉപയോഗിച്ച് അടിച്ചതിന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസ്സുകാരനായ കുട്ടിയെ അടിച്ചതിനാണ് അലബാമയിലെ ഗ്രാൻഡ് ബേയിൽ താമസിക്കുന്ന റാണ്ടി നിക്കോൾ ജാക്സൺ സ്റ്റേപ്പിൾസിനെ (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16 നാണ് റാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അലബാമയിലെ മൊബൈലിലെ കോട്ടേജ് ഹിൽ ക്രിസ്ത്യൻ അക്കാദമിയിലെ രണ്ടാം ഗ്രേഡ് അധ്യാപികയായിരുന്നു റാണ്ടി. സംഭവത്തെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിലെ പ്രവർത്തന മികവിനെ തുടര്‍ന്ന് ഈ വർഷം മേയിൽ ടീച്ചർ ഓഫ് ദി ഇയർ ആയി ആദരിക്കപ്പെട് അധ്യാപികയാണ് റാണ്ടി.

കുട്ടിയെ മർദിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുള്ള മകനെ മർദിക്കുന്ന ദൃശ്യം റാണ്ടിയുടെ ഇളയ കുട്ടി പകർത്തിയ ശേഷം 24 വയസ്സുള്ള സഹോദരനായ ജാക്സൺ സ്റ്റേപ്പിൾസിന് അയച്ചുനൽകുകയായിരുന്നു. അമ്മ അനുജനെ മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ ജാക്സൺ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വിഡിയോയിൽ കുട്ടിയുടെ നേരെ റാണ്ടി ആക്രോശിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുട്ടി തേങ്ങിക്കരയുന്നതിനിടയിൽ റാണ്ടി അസഭ്യം പറയുന്നതും കേൾക്കാം.

കുട്ടികളെ തിരുത്തുന്നതിന് മാതാപിതാക്കൾക്ക് അവകാശമുണ്ടെങ്കിലും ക്രൂരമായ രീതിയിൽ അവരെ ഉപദ്രവിക്കുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് മൊബൈൽ കൗണ്ടിയിലെ ഷെരീഫ് പോൾ ബർച്ച് പറഞ്ഞു. റാണ്ടിയെ ഈ മാസം 19ന് 7,500 ഡോളർ ബോണ്ട് കെട്ടിവെച്ചതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടു.

Share
error: Content is protected !!