രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ തേരോട്ടം; സൗദി റിയാൽ 23.89

അബുദാബി: രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ മൂല്യം കുത്തനെ കുതിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പ്രവാസികൾ. രൂപ-ഗൾഫ് കറൻസി വിനിമയനിരക്ക് റെക്കോർഡിലേക്ക് ഉയരുകയാണ്. ഒരു യുഎഇ ദിർഹത്തിന് 24.40 രൂപയാണ് ഇപ്പോൾ. ഈ നിരക്ക് ശമ്പളം കിട്ടുന്നതുവരെ നിലനിന്നാൽ വലിയ നേട്ടമാകുമെന്നാണ് പ്രവാസികളുടെ കണക്കുകൂട്ടൽ.

ദിർഹവുമായുള്ള വിനിമയത്തിൽ ഒരുവർഷത്തിനിടെ 1.41 രൂപയുടെയും 5 വർഷത്തിനിടെ 2.28 രൂപയുടെയും നേട്ടമാണ് പ്രവാസികൾക്കുണ്ടായത്. രാജ്യാന്തര നിരക്ക് 24.40 രൂപയാണെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 24.26 രൂപയാണ് നൽകിയത്. രൂപയ്ക്കെതിരെ മറ്റു കറൻസികളുടെ വിനിമയ നിരക്ക് ഇങ്ങനെ:

∙ ഖത്തർ റിയാൽ : 24.61
∙ സൗദി റിയാൽ : 23.89
∙ ഒമാൻ റിയാൽ : 233.19
∙ ബഹ്റൈൻ ദിനാർ : 237.83
∙ കുവൈത്ത് ദിനാർ : 291.86

ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച ചരിത്രത്തിൽ ആദ്യമായി 89ലേക്ക് ഇടിഞ്ഞ് സർവകാല താഴ്ചയായ 89.61ൽ എത്തിയിരുന്നു. സെപ്റ്റംബർ അവസാനം കുറിച്ച 88.80 എന്ന റെക്കോർഡ് പഴങ്കഥയായി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാൽ ഡോളർ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്.

രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും ഉയർന്ന താരിഫ് ഭാരം തിരിച്ചടിയാകുന്നുണ്ട്. രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും. 

Share
error: Content is protected !!