ജനിച്ച ഉടനെ കരഞ്ഞില്ല; ഭാരം 640 ഗ്രാം മാത്രം; കുഞ്ഞിന് അതിജീവനം

പ്രതിസന്ധികളെ അതിജീവിച്ച് 24 ആഴ്ച ഗര്‍ഭകാലത്ത് പ്രസവിച്ച കുഞ്ഞ്. പ്രസവ സമയത്ത് 640 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിനെ 90 ദിവസം നീണ്ട തീവ്രപരിചരണത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തത്. ന്യൂഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നത്. 

പൂര്‍ണവളര്‍ച്ച എത്താന്‍ വേണ്ട 40 ആഴ്ചയേക്കാള്‍ 16 ആഴ്ച മുന്‍പാണ് കുഞ്ഞ് പ്രസവിച്ചത്. ഇതോടെ ജനിച്ചയുടന്‍ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. സാധാരണഭാരത്തേക്കാള്‍ കുറവായിരുന്ന കുഞ്ഞ് ജനിച്ചയുടനെ കരഞ്ഞിരുന്നില്ല. ഹൃദയമിടിപ്പ് അപകടകമാം വിധം കുറഞ്ഞിരുന്നു. 90 ദിവസകാലം നിയോനാറ്റൽ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു കുഞ്ഞ്. 

അപകടകരമായ പല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കുട്ടി ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശ്വാസകോശത്തിന്റെയും വൃക്കകളുടെയും പ്രവർത്തന കുറവും തലച്ചേറിലെ രക്തസ്രാവത്തിനുള്ള സാധ്യതയും അണുബാധയും അടക്കം നിരവധി സങ്കീര്‍ണതകള്‍ കുഞ്ഞിന് നേരിടേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ ആഴ്ചകളില്‍ ആരോഗ്യനില അതീവ ഗുരുതരമാകുകയും ശരീരഭാരം 550 ഗ്രാമിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു. 

വളര്‍ച്ച എത്താത്ത ശ്വാസകോശങ്ങളായതിനാല്‍ കുഞ്ഞിന് സ്വന്തമായി ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വെന്‍റിലേറ്റര്‍ സഹായം നല്‍കി. കിഡ്നിയും സമാന പ്രശ്നം നേരിട്ടു. വളര്‍ച്ചയെത്താത്ത ഇരുവൃക്കകള്‍ക്കും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. ജീവന്‍ രക്ഷാ മരുന്നുകളും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിനും ശേഷം കുഞ്ഞിന്‍റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു. 

90 ദിവസത്തെ എന്‍ഐസിയു ജീവിതത്തിന് ശേഷം 1.80 കിലോഗ്രാം ഭാരത്തോടെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്. ആറുമാസം പ്രായമായ കുഞ്ഞിന് ആറു കിലോഗ്രാം ഭാരമുണ്ട്. ശിശുരോഗ വിദഗ്ധരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിചരണവും നിരീക്ഷണവുമാണ് കുട്ടിക്ക് ഉണ്ടായത്.

ഇത്രയും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ മാസം തികയാത്ത കുഞ്ഞിന്‍റെ അത്ഭുതകരമായ അതിജീവനമെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്. രാഹുൽ നാഗ്പാലിന്റെയും ഡോ. ​ശ്രദ്ധ ജോഷിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. 

Share